പ്രാര്‍ഥനാമുഖരിതമായി മക്കയും മദീനയും
ജുമുഅ നമസ്കാരത്തിന് ഇരുഹറമുകളിലും സ്വദേശികളും വിദേശികളുമടക്കം ലക്ഷങ്ങള്‍ പങ്കെടുത്തു.
റമദാന്‍ അവസാന വെള്ളിയാഴ്ച മക്കയിലെയും മദീനയിലെയും ഇരുഹറമുകളും പ്രാര്‍ഥനാമുഖരിതമായി. ജുമുഅ നമസ്കാരത്തിന് ഇരുഹറമുകളിലും സ്വദേശികളും വിദേശികളുമടക്കം ലക്ഷങ്ങള്‍ പങ്കെടുത്തു. റമദാനിലെ അവസാന നാളുകളിലെ പുണ്യം കരസ്ഥമാക്കാൻ മുന്നോട്ടുവരണമെന്ന് ഇമാമുമാർ ആഹ്വാം ചെയ്തു.
വ്യാഴാഴ്ച രാത്രി മുതലേ പരിസര പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് വിശ്വാസികളുടെ പ്രവാഹം തുടങ്ങിയിരുന്നു. മക്കയിലേക്കെത്തുന്ന റോഡുകളിലെല്ലാം നല്ല തിരക്കായിരുന്നു. ട്രാഫിക്ക് കുരുക്ക് കാരണം പലരും ഹറമിലെത്താന്‍ നന്നേ പാടുപെട്ടു. വ്യാഴാഴ്ച രാത്രി മുതലെ ഹറമിനടുത്തേക്ക് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. തിരക്കൊഴിവാക്കാന്‍ പ്രധാന ചെക്ക്പോസ്റ്റുകള്‍ കഴിഞ്ഞയുടനെ സ്വകാര്യ വാഹനങ്ങള്‍ നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. പാര്‍ക്കിങ് കേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞു. ചെയിന്‍ ബസ് സര്‍വീസുകളും പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് ഹറമിനടുത്തേക്കുള്ള ബസ്സുകളുടെ എണ്ണം കൂട്ടിയതും തീര്‍ഥാടകര്‍ക്ക് ആശ്വാസമായി. തിരക്ക് കണക്കിലെടുത്ത് 'സാപ്റ്റകോ' മക്ക റൂട്ടുകളില്‍ കൂടുതല്‍ ബസ്സുകള്‍ ഏര്‍പ്പെടുത്തി.
റമദാനിലെ അവസാന ജുമുഅയില്‍ പങ്കെടുക്കാനും ഇരുപത്തിഏഴാം രാവിന്റെ പുണ്യംതേടിയും തീര്‍ഥാടക ലക്ഷങ്ങളാണ് മസ്ജിദുല്‍ ഹറാമിലേക്ക് കുതിച്ചെത്തിയത്. സ്വദേശികളും വിദേശികളുമായ ഉംറ തീര്‍ഥാടകരും സ്വദേശവാസികളും ഇഅ്ത്തികാഫിനെത്തിയവരുമൊക്കെ സംഗമിച്ചതോടെ മക്ക ഹറമും പരിസരവും അക്ഷരാര്‍ഥത്തില്‍ പ്രാര്‍ഥനാമുഖരിതമായി. ജുമുഅക്ക് മണിക്കൂറുകള്‍ മുമ്പ് ഹറമിന്റെ ഉള്‍ഭാഗം നിറഞ്ഞുകവിഞ്ഞിരുന്നു. വൈകിയെത്തിയവരെ അടുത്തിടെ വികസനം പൂര്‍ത്തിയായ കെട്ടിട ഭാഗങ്ങളിലേക്ക് തിരിച്ചുവിട്ടു. മുറ്റങ്ങളിലും പരിസരത്തെ റോഡുകളിലും കെട്ടിടങ്ങളിലും വെച്ചാണ് പലര്‍ക്കും നമസ്ക്കാരം നിര്‍വ്വഹിക്കാന്‍ സാധിച്ചത്. റമദാന്‍ അവസാന പത്തിന്റെ ദിനരാത്രങ്ങള്‍ ഹറമില്‍ കഴിച്ചുകൂട്ടാന്‍ ആയിരക്കണക്കിനാളുകള്‍ നേരത്തെ മക്കയിലെത്തിയിരുന്നു. ഈദുല്‍ ഫിത്വര്‍ അവധിക്കായി രാജ്യത്തെ ഗവണ്‍മെന്റ് ഓഫീസുകള്‍ കൂടി അടച്ചതോടെ മക്കയിലേക്കുള്ള ആഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായിരുന്നു. അവസാന പത്ത് ഹറമില്‍ കഴിച്ചുകൂട്ടാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് കുടുംബ സമേതവും അല്ലാതെയും എത്തിയത്.
മക്ക ഹറമിലെ ജുമുഅയിലും രാത്രി നമസ്കാരത്തിലും ഏകദേശം പത്ത് ലക്ഷത്തിലധികമാളുകള്‍ പങ്കെടുത്തതായാണ് കണക്ക്. മസ്ജിദുല്‍ ഹറാമിലെ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. സ്വാലിഹ് ബിന്‍ മുഹമ്മദ് ആല്‍ ത്വാലിബ് നേതൃത്വം നല്‍കി. റമദാന്‍ വിടപറയാന്‍ ഇനി അവശേഷിക്കുന്ന മണിക്കൂറുകളിലെ നന്മകളും പുണ്യവും ആര്‍ജ്ജിക്കാന്‍ ദൃതികൂട്ടണമെന്ന് ഹറം ഇമാം ഉദ്ബോധിപ്പിച്ചു. മദീനയിലെ മസ്ജിദുന്നബവിയില്‍ സന്ദര്‍ശകരും സ്വദേശികളുമടക്കം അഞ്ച് ലക്ഷത്തിലധികമാളുകള്‍ ജുമുഅ നമസ്ക്കാരത്തിലെത്തിയതായാണ് കണക്ക്. തിരക്കൊഴിവാക്കാന്‍ പള്ളിയുടെ 100 ഓളം വരുന്ന കവാടങ്ങള്‍ തുറന്നിട്ടിരുന്നു. ജുമുഅ ഖുതുബക്കും നമസ്ക്കാരത്തിനും ശൈഖ് അലി ബിന്‍ അബ്ദുറഹ്മാന്‍ ഹുദൈഫി നേതൃത്വം നല്‍കി. വിശുദ്ധ ഖുര്‍ആന്‍ വലിയ ദൈവാനുഗ്രഹവും കാരുണ്യമാണെന്നും റമദാനിലും അല്ലാത്തപ്പോഴും മനസിനെ സ്വാധീനിക്കാന്‍ അതിനു കഴിവുണ്ടെന്നും അത് മുറുകെ പിടിച്ച് ജീവിക്കണമെന്നും മസ്ജിദുന്നബവി ഇമാം പറഞ്ഞു. നോമ്പും മറ്റ് ആരാധനകളും മനസ്സിനെ സ്ഫുടം ചെയ്യുകയാണ്. അതിനാല്‍ ഖുര്‍ആനിലേക്ക് മുന്നിടുകയും ആ അനുഗ്രഹത്തെ ആസ്വദിക്കുകയും ചെയ്യണമെന്നും ഇമാം പറയുന്നു.