ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് വര്‍ധനവ്; സൌദി ശൂറ കൌണ്‍സിലില്‍ വിമര്‍ശം

Update: 2018-06-01 13:26 GMT
ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് വര്‍ധനവ്; സൌദി ശൂറ കൌണ്‍സിലില്‍ വിമര്‍ശം
Advertising

വാഹന ഇന്‍ഷൂറന്‍സ്, ഇഖാമ ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവക്ക് അന്യായമായി നിരക്ക് വര്‍ധിപ്പിച്ചതിനെ ശൂറ കൗണ്‍സിലിലെ സാമ്പത്തിക, ഊര്‍ജ്ജ സമിതി ശക്മായി വിമര്‍ശിച്ചു

ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് വര്‍ധനവിനെതിരെ സൌദി ശൂറ കൌണ്‍സിലില്‍ രൂക്ഷ വിമര്‍ശം. വാഹന ഇന്‍ഷൂറന്‍സ്, ഇഖാമ ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവക്ക് അന്യായമായി നിരക്ക് വര്‍ധിപ്പിച്ചതിനെ ശൂറ കൗണ്‍സിലിലെ സാമ്പത്തിക, ഊര്‍ജ്ജ സമിതി ശക്തമായി വിമര്‍ശിച്ചു. ആരോഗ്യകരമായ വിപണിമല്‍സരം നിലവിലില്ലാത്തതിനാലാണ് ഇന്‍ഷൂറന്‍സിന് അര്‍ഹിക്കുന്നതിലധികം സംഖ്യ നല്‍കേണ്ടിവരുന്നതെന്നും സമിതി അഭിപ്രായപ്പെട്ടു.

സൗദി വിപണി മത്സര സഭയുടെ ദ്വിവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണ് ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ഇന്‍ഷൂറന്‍സ് നിരക്ക് വര്‍ധനവിനെതി വിമര്‍ശനം ഉയര്‍ത്തിയത്. ശൂറയിലെ സാമ്പത്തിക, ഊര്‍ജ്ജ സമിതി മേധാവി അബ്ദുറഹ്മാന്‍ അര്‍റാശിദാണ് റിപ്പോര്‍ട്ട് ശൂറയില്‍ അവതരിപ്പിച്ചത്. സൗദി ട്രാഫിക് നിയമമനുസരിച്ചുള്ള വാഹന ഇന്‍ഷൂറന്‍സ്, ഇഖാമ നിമമനുസരിച്ചുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവക്ക് അന്യായമായ വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ടത്. ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും ശൂറ കൗണ്‍സില്‍ അംഗം ഡോ. അബ്ദുറഹ്മാന്‍ അല്‍അതവി അഭിപ്രായപ്പെട്ടു.

വാഹനങ്ങളുടെ പെര്‍മിറ്റ് (ഇസ്തിമാറ) പുതുക്കുന്നതിനും കൈമാറ്റത്തിനും അനിവാര്യമായ മോട്ടോര്‍ വെഹിക്കില്‍ പിരിയോഡിക്കല്‍ ഇന്‍സ്പെക്ഷന്‍ (എം.വി.പി.ഐ) നടത്താന്‍ ഒരു സ്വകാര്യ കമ്പനിക്ക് മാത്രം അനുമതി നല്‍കിയത് കുത്തകവത്കരണത്തിനും നിരക്ക് വര്‍ധനവിനും കാരണമായിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് ആല്‍ നാജി പറഞ്ഞു. സൗദി മോണിറ്ററി ഏജന്‍സി (സാമ) ഇടപെട്ട് ഇത്തരം കുത്തക അവസാനിപ്പിക്കണമെന്നും നിരക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യകരമായ വിപണിമല്‍സരത്തിന് അവസരമൊരുക്കണമെന്നും ശൂറ അഭിപ്രായപ്പെട്ടു. ഏജന്‍സികളുടെ എണ്ണം വര്‍ധിപ്പിക്കല്‍ മാത്രമാണ് വിപണി മല്‍സരം നിലനിര്‍ത്താനുള്ള മാര്‍ഗമെന്ന് ഡോ. ഖാലിദ് അസ്സൈഫ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News