ജിദ്ദയിൽ ഫാമിലി വിസയിലും മറ്റും ജോലി ചെയ്തിരുന്ന വനിതാ സ്കൂള്‍ ജീവനക്കാരെ പിടികൂടി
നിയമം പാലിക്കാതെ പ്രവര്‍ത്തിച്ച രണ്ട് സ്കൂളുകള്‍ക്ക് 18 ലക്ഷം റിയാല്‍ പിഴയും ചുമത്തി
ജിദ്ദയിൽ ഫാമിലി വിസയിലും മറ്റും ജോലി ചെയ്തിരുന്ന 75 വനിതാ സ്കൂള്‍ ജീവനക്കാരെ പിടികൂടി. നിയമം പാലിക്കാതെ പ്രവര്‍ത്തിച്ച രണ്ട് സ്കൂളുകള്‍ക്ക് 18 ലക്ഷം റിയാല്‍ പിഴയും ചുമത്തി. തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ പരിശോധനയിലാണ് നടപടി. പരിശോധന തുടരുകയാണ്.
രണ്ട് സ്വകാര്യ സ്കൂളുകൾക്കെതിരെയാണ് നടപടി. പിഴ വീണത് 18 ലക്ഷം റിയാൽ. പിടിയിലായത് 75 വനിത ജീവനക്കാരും. കൂടുതല്‍ പേരും ഫാമിലി വിസയിലെത്തി ജോലി ചെയ്തിരുന്നവര്‍. തൊഴിൽ നിയമവും സ്വദേശീവത്കരണ തീരുമാനങ്ങളും ലംഘിച്ചതിനാണ് നടപടി. സ്വദേശികൾക്ക് മാത്രമാക്കിയ തസ്തികകളിൽ ജോലി ചെയ്ത വിവിധ രാജ്യക്കാരായ 75 വനിത ജീവനക്കാരാണ് പിടിയിലായത്. ഇവരെ നിയമിച്ച സ്കൂളിനെതിരെയും കര്‍ശന നടപടിയുണ്ടാകും. പിടിയിലായവര്‍ക്ക് മന്ത്രാലയം നിശ്ചയിച്ച നിബന്ധനകളില്ല. ഒപ്പം സ്കൂളില്‍ പ്രവര്‍ത്തിക്കാനുള്ള മതിയായ അനുമതി പത്രവുമില്ല. നിയമനം നിയമപരമായി നേടിയവര്‍ക്ക് ശമ്പളം വൈകിച്ചതിനും നടപടിയുണ്ടായി.
തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. നിയമപാലനം ഉറപ്പു വരുത്താന്‍ വിവിധ സ്ഥാപനങ്ങളിൽ പരിശോധന തുടരുകയാണ്. വിഷൻ 2030ന്റെ ഭാഗമായി സ്വദേശിവത്കരണം ഊര്‍ജ്ജിതമാണ്. സ്വദേശി അനുപാതം വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ത്താനാണ് പദ്ധതി.