സൌദി കിരീടാവകാശി അമേരിക്കയിലേക്ക്
മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനം ഈ മാസം 19ന് ആരംഭിക്കും
സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനം ഈ മാസം 19ന് ആരംഭിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വിവിധ വിഷയങ്ങളില്‍ കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ട്രംപിന്റെ മാധ്യമകാര്യ സെക്രട്ടറിയാണ് ഇക്കാര്യമറിയിച്ചത്.
സൌദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്ന കാര്യം വാര്‍ത്താ ഏജന്‍സികളാണ് നേരത്തെ പുറത്തു വിട്ടത്. ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയായിരുന്നു വൈറ്റ് ഹൌസ്. അമേരിക്കന്‍ പ്രസിഡന്റുമായുള്ള കിരീടാവകാശിയുടെ കൂടിക്കാഴ്ച ഈ മാസം 20ന് നടക്കും. 19 മുതല്‍ 22 വരെ നീളും സന്ദര്‍ശനം. ട്രെംപിന്റെ പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സാണ് ഇക്കാര്യമറിയിച്ചത്. അധികാരമേറ്റ ശേഷം ഡൊണാള്‍ഡ് ട്രംപ് സൌദി അറേബ്യയിലേക്ക് നടത്തിയ സന്ദര്‍ശനം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കിരീടാവകാശിയായി അധികാരമേറ്റ ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തുന്ന ആദ്യ അമേരിക്കന്‍ സന്‍ദര്‍ശനമാണിത്. നേരത്തെ ഈജിപ്തിലും ബ്രിട്ടനിലും എത്തിയ അദ്ദേഹം കോടികളുടെ വാണിജ്യ കരാറാണ് ഒപ്പു വെച്ചത്.സാമൂഹ്യ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് അതിവേഗം വിധേയമാകുന്ന സൌദിയുടെ വളര്‍ച്ചയിലും മാറ്റത്തിലും കിരീടാവകാശിക്ക് നിര്‍ണായക പങ്കുണ്ട്. ഈ സാഹചര്യത്തില്‍ ലോക സാന്പത്തിക ശക്തികളുടെ ശ്രദ്ധാ കേന്ദ്രമാകും അടുത്ത വാരാന്ത്യം.