റിയാദില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സമീഹിനായുള്ള തെരച്ചില്‍ അഞ്ച് മാസം പിന്നിടുന്നു
റിയാദ് ദമ്മാം റൂട്ടില്‍ 25 കിലോമീറ്റര്‍ അകലെ വരെ യാത്ര ചെയ്തതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മനസിലായി. പിന്നീട് കഴിഞ്ഞ അഞ്ചുമാസമായി ഇതുവരെ ഒരു വിവരവുമില്ല...
റിയാദില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കൂടപ്പിറപ്പിനെ തേടിയുള്ള സഫീറിന്റെ തെരച്ചില്‍ അഞ്ച് മാസം പിന്നിടുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി പുത്തന്‍പുര വയലില്‍ സമീഹിനായുള്ള അന്വേഷണത്തിലാണ് സഹോദരന്‍ സഫീര്‍. സമീഹിനൊപ്പം കാണാതായ കാറിനെ കുറിച്ചും ഇതുവരെ വിവരമില്ല.
ബത്ഹയില്‍ സ്വകാര്യ ട്രാവല്‍സില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി പുത്തന്‍പുര വയലില്‍ സമീഹിനെ കഴിഞ്ഞ ഡിസംബര്‍ 13നാണ് കാണാതായത്. റിയാദിലുള്ള സഹോദരന്റെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് ജോലിക്ക് പുറപ്പെട്ടതായിരുന്നു. ജോലിക്കെത്താതായതോടെ സഹപ്രവര്‍ത്തകര്‍ മൊബൈലില്‍ വിളിച്ചപ്പോള്‍ വഴിതെറ്റിയതായാണ് പറഞ്ഞത്. പിന്നീട് മൊബൈല്‍ സിച്ച് ഓഫ് ചെയ്യപ്പെട്ടതായി സഹോദരന്‍ സഫീര്‍ പറഞ്ഞു. റിയാദ് ദമ്മാം റൂട്ടില്‍ 25 കിലോമീറ്റര്‍ അകലെ വരെ യാത്ര ചെയ്തതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മനസിലായി. പിന്നീട് കഴിഞ്ഞ അഞ്ചുമാസമായി ഇതുവരെ ഒരു വിവരവുമില്ല.
കൂടപ്പിറപ്പിനെ കണ്ടെത്താന്‍ ഈ യുവാവ് മുട്ടാത്ത വാതിലുകളില്ല. ഇന്ത്യന്‍ എംബസിയിലും റിയാദ് ഗവര്‍ണറേറ്റിലും പരാതി നല്‍കി. സൗദി പോലീസും രഹസ്യാന്വേഷണ വിഭാഗവും പലവിധ അന്വേഷണവും നടത്തി. റിയാദില്‍ സന്ദര്‍ശനത്തിനെത്തിയ മാതാപിതാക്കളും സമീഹിനെ കാണാതെ കണ്ണീരണിഞ്ഞാണ് നാട്ടിലേക്ക് തിരിച്ചത്. നിനക്കാതെ കൈവിട്ടുപോയ പ്രിയ സഹോദരനെ എവിടെയെങ്കിലും കണ്ടെത്തുമെന്നുള്ള പ്രതീക്ഷയിലാണ് സഫീറും കുടുംബവും.