ഒന്നര വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ ഉണ്ണികൃഷ്ണന് നീതി കിട്ടി
പാസ്പോര്‍ട്ടും രേഖകളും തിരിച്ചുകിട്ടിയ ഉണ്ണികൃഷ്ണന്‍ അടുത്തദിവസം വീട്ടില്‍ മടങ്ങിയെത്തും
അജ്മാനില്‍ ഒന്നര വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണന് നീതി ലഭിച്ചു. അകാരണമായി കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഉണ്ണികൃഷ്ണനെ നഷ്ടപരിഹാരം നല്‍കി നാട്ടിലേക്ക് അയക്കാനാണ് അജ്മാന്‍ കോടതിയുടെ വിധി.
ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവുമായി 11,800 ലേറെ ദിര്‍ഹം നല്‍കുന്നതോടൊപ്പം യാത്രാരേഖകളും ടിക്കറ്റും നല്‍കി ഉണ്ണികൃഷ്ണനെ നാട്ടിലെത്തിക്കാനാണ് അജ്മാന്‍ കോടതിയുടെ വിധി. ജോലി ചെയ്തിരുന്ന പ്രസിന്റെ നടത്തിപ്പുകാരന്‍ പത്തനംതിട്ട സ്വദേശി വിനോദിനെതിരെയായിരുന്നു കേസ്. 2013 മാര്‍ച്ച് മുതല്‍ ഒരു വര്‍ഷം എട്ട്മാസം ജോലിയിലുണ്ടായിരുന്ന തന്നെ അകാരണായി ഇറക്കിവിട്ടുവെന്നും പാസ്പോര്‍ട്ടും രേഖകളും പിടിച്ചുവെച്ചു എന്നുമായിരുന്നു കേസ്. ലേബര്‍ വകുപ്പ് നേരത്തേ ഉണ്ണികൃഷ്ണന് അനുകൂലമായി ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും തൊഴിലുടമ വഴങ്ങിയില്ല.
വിധി നടപ്പാക്കുന്നത് വൈകിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സഹോദന്‍ സുരേഷ് ബാബു നല്‍കിയ പിന്തുണയാണ് ജോലിയില്ലാതിരുന്നിട്ടും കേസുമായി മുന്നോട്ടുപോകാന്‍ ഉണ്ണികൃഷ്ണന് സഹായമായത്. പാസ്പോര്‍ട്ടും രേഖകളും തിരിച്ചുകിട്ടിയ ഉണ്ണികൃഷ്ണന്‍ അടുത്തദിവസം കൊടുങ്ങല്ലൂര്‍ പുല്ലൂറ്റിലെ വീട്ടില്‍ മടങ്ങിയെത്തും.