സ്കൂൾ അധ്യാപകർക്ക് ഭീമമായ ലെവി; വിദ്യാര്‍ഥികളുടെ ഫീസുയര്‍ത്തിയേക്കും
എംബസി ഹയർബോർഡ് ചുമതലപ്പെടുത്തിയ നാലംഗ പ്രിൻസിപ്പൽമാരുടെ സമിതി ഇന്ത്യന്‍ അംബാസിഡര്‍ക്ക് വിഷയത്തില്‍ റിപ്പോര്‍ട്ട് കൈമാറും
സൌദിയിലെ ഇന്ത്യൻ സ്കൂൾ അധ്യാപകർക്ക്ഭീമമായ ലെവി അടക്കേണ്ടതെങ്ങിനെയെന്ന കാര്യത്തില്‍ രണ്ടാഴ്ചക്ക് ശേഷം തീരുമാനമായേക്കും. എംബസി ഹയർബോർഡ് ചുമതലപ്പെടുത്തിയ നാലംഗ പ്രിൻസിപ്പൽമാരുടെ സമിതി ഇന്ത്യന്‍ അംബാസിഡര്‍ക്ക് വിഷയത്തില്‍ റിപ്പോര്‍ട്ട് കൈമാറും. വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചും അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചുമാകും സ്കൂളുകള്‍ ലെവിയടക്കുകയെന്നാണ് സൂചന.
നിതാഖാത്ത് പദ്ധതിക്ക് ശേഷം ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തെ വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതിന് അനുവാദം നല്‍കി നടപ്പില്‍ വരുത്തിയ അജീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പുതിയ ഉത്തരവ് പ്രകാരം ലെവി നല്‍കേണ്ടത്. നിലവില്‍ കുടുംബ വിസയില്‍ കഴിയുന്നവര്‍ നല്‍കിവരുന്ന ആശ്രിത ലെവിക്ക് പുറമെയാണിത്. ദമ്മാമിലെ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ജീവനക്കാരില്‍ 85 ശതമാനത്തോളം ജീവനക്കാരും ആശ്രിത വിസയില്‍ കഴിയുന്നവരാണ്.
15000ത്തിലധികം വിദ്യാർഥികള്‍ പഠിക്കുന്ന ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ ജീവനക്കാരില്‍ പകുതിയിലധികവും മലയാളി അധ്യാപികമാരാണ്. പുതിയ പ്രതിസന്ധി സംജാതമായതോടെ അധ്യാപകരും ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കാൻ നിർബന്ധിതമാവും. ഈ അധ്യായന വർഷം കഴിയുന്നതോടെ പ്രവാസി കൂടുംബങ്ങൾ വൻ തോതിൽ തിരിച്ചുപോകാനൊരുങ്ങുന്നതിനാൽ സ്വകാര്യ സ്കൂളുകളിലെ അധ്യാപകരോട് മറ്റ് ജോലി കണ്ടെത്താൻ മാനേജ്മെന്റുകൾ അറിയിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂളുകളിലും അജീർ പദ്ധതിയിൽ ജോലി ചെയ്യുന്നവരുടെ ലെവി അടുത്ത ഘട്ടം മുതൽ അടക്കേണ്ടി വരുമെന്നാണ് സൂചന. ഇന്ത്യന്‍ സ്കൂളുകളില്‍ ലെവി ഈടാക്കാന്‍ വിദ്യാർഥികളുടെ ഫീസ് വർധിപ്പിക്കുക എന്ന പരിഹാരമാവും മുന്നോട്ട് വെക്കുക എന്നാണ് സൂചന. എത്ര വർധനവ് വേണ്ടി വരും എന്ന് തീരുമാനിക്കേണ്ടതുണ്ട്. ഓരോ സ്കൂളിലും ലെവിബാധ്യത വ്യത്യസ്തമായതിനാൽ ഫീസ് വർധന ഒരേ പോലെയായിരിക്കില്ല. അധ്യാപകരിൽ നിന്നും നിശ്ചിത വിഹിതം പിടിക്കാൻ ആലോചനകൾ നടക്കുന്നുണ്ട്. പ്രതിവർഷം 9500 റിയാലാണ് അധ്യാപകര്‍ അടക്കേണ്ടത്. ഇത് മാര്‍ച്ച് മാസം മുതല്‍ ഈടാക്കുമെന്നാണ് സർക്കാർ അറിയിപ്പ്.