മധുവിനെ അനുസ്മരിച്ച് ഖത്തര്‍ പ്രവാസികളുടെ വേറിട്ട പ്രതിഷേധം
കള്‍ച്ചറല്‍ ഫോറം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ദോഹയിലെ സാസ്കാരിക പ്രവര്‍ത്തകരും കലാകാരന്‍മാരും ഒത്തുചേര്‍ന്നു
വാക്കും വരയും രംഗാവിഷ്‌കാരങ്ങളുമായി ഖത്തര്‍ പ്രവാസികള്‍ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ സ്മരിച്ചു. കള്‍ച്ചറല്‍ ഫോറം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ദോഹയിലെ സാസ്കാരിക പ്രവര്‍ത്തകരും കലാകാരന്‍മാരും ഒത്തുചേര്‍ന്നു.
മധു നമ്മളും പ്രതികളാണ് എന്ന തലക്കെട്ടിലാണ് പ്രവാസികളുടെ വേറിട്ട പ്രതിഷേധത്തിന് കള്‍ച്ചറല്‍ഫോറം ഖത്തര്‍ വേദിയൊരുക്കിയത് , ആര്‍ട്ടിസ്റ്റ് പ്രേം , കരീംഗ്രാഫി കക്കോവ് എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. കള്‍ച്ചറല്‍ഫോറം വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം ഔദ്യാഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി സാംസ്‌കാരിക പ്രവര്‍ത്തകരായ ഡോക്ടര്‍ പ്രതിഭാ രതീഷ്, സി.ആര്‍ മനോജ് എന്നിവരും മാധ്യമ പ്രവര്‍ത്തകന്‍ മുജീബ് റഹ്മാനും സദസിനെ അഭിമുഖീകരിച്ചു. ആദിവാസിയുടെ പാട്ടും നാടന്‍ പാട്ടും പ്രതിഷേധ കവിതകളുമായി വേറിട്ട ആവിഷ്‌കാരങ്ങളാണ് വേദിയിലെത്തിയത് . മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ ഉന്നയിച്ച പുലയാടി മക്കള്‍ എന്ന സംഗീത ശില്‍പ്പത്തില്‍ സദസൊന്നടങ്കം പങ്കാളികളായി ശേഷം മുഖത്ത് കറുപ്പ് ചായം തേച്ചും കൈകള്‍ ചേര്‍ത്തു കെട്ടിയുമാണ് ദോഹയിലെ പ്രവാസികള്‍ മധുവിനോടും ആദിവാസി സമൂഹത്തോടും കൂടെയുണ്ടെന്ന് പ്രഖ്യാപിച്ചത് .