കൌതുകം നിറച്ച് അൽ ബഹായിലെ മാർബിൾ കൊണ്ടുള്ള വീടുകളും കൃഷിയും

Update: 2018-06-03 08:28 GMT
Editor : Jaisy
കൌതുകം നിറച്ച് അൽ ബഹായിലെ മാർബിൾ കൊണ്ടുള്ള വീടുകളും കൃഷിയും
Advertising

400 വർഷം പഴക്കമുള്ള ഈ വീടുകൾ കാണാൻ സന്ദർശകരുടെ തിരക്കാണെപ്പോഴും

സൗദി അറേബ്യയിലെ അൽ ബഹായിൽ മാർബിൾ കൊണ്ടുള്ള വീടുകളും കൃഷിയും സന്ദർശകർക്ക് കൗതുകമാണ്. 400 വർഷം പഴക്കമുള്ള ഈ വീടുകൾ കാണാൻ സന്ദർശകരുടെ തിരക്കാണെപ്പോഴും. യുനെസ്കോ ലോക പൈതൃക പട്ടികയിലിടം നേടിയ ഈ പ്രദേശത്ത് വലുതും ചെറുതുമായ 312 മുറികളുണ്ട്.

Full View

അൽ ബഹ സിറ്റിയിൽ നിന്നും 25 കിലോമീറ്റർ മാറി സറാവത്ത് മലനിരകളിലാണ് 'ഖർയ ദീ ഐൻ', 'മാർബിൾ വില്ലേജ്' തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഒരു കൂട്ടം വീടുകളുള്ളത്. വർഷങ്ങൾക്കു മുമ്പ് ഈ പ്രദേശത്തു വസിച്ചിരുന്ന ഗോത്രവിഭാഗങ്ങൾ ഒരുമിച്ചു ചേർന്നായിരുന്നു ഇതിന്റെ നിർമാണം എന്ന് പറയപ്പെടുന്നു. ഓട്ടോമൻ തുർക്കികളും വിവിധ ഗോത്രങ്ങളും തമ്മിലുള്ള യുദ്ധങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് പല സമയങ്ങളിലായി പുതുക്കിപ്പണിതു. 40 വർഷങ്ങൾ മുമ്പ് വരെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. മാർബിൾ കല്ലുകൾ കൊണ്ട് കെട്ടി ഉണ്ടാക്കിയ 49 വീടുകളിലായി 312 മുറികൾ കൂടിച്ചേർന്ന ഒരു വില്ലേജാണിത്.

വീടുകളിൽ 9 എണ്ണം ഒന്നാം നിലയിലും 19 എണ്ണം രണ്ടാം നിലയിലും 11 എണ്ണം മൂന്നാമത്തെ നിലയിലും 10 എണ്ണം നാലാം നിലയിലുമാണുളളത്. ചുറ്റിലും മനോഹരമായ നടപ്പാത, പഴമ വിളിച്ചോതുന്ന വാതിലുകളും വാതായനങ്ങളും. പരന്ന മാർബിൾ കല്ലുകൾ അടുക്കിവച്ചുണ്ടാക്കിയ ചുമരുകൾ തുടങ്ങിയവ ഏറെ ആകർഷകമാണ്. വീടുകളുടെ ഓരം ചേർന്ന് ഒഴുകുന്ന നീരുറവയാണ് മറ്റൊരു കൗതുകം. ഈ ജലസ്രോതസ് ഉപയോഗിച്ച് വിവിധ കൃഷികളും ഇവിടെ നടന്നുവരുന്നു. വാഴ, നാരങ്ങാ, വിവിധ ഇലകൾ, ഈന്തപ്പനകൾ തുടങ്ങിയവയെല്ലാം കൃഷി തോട്ടത്തിൽ സമൃദ്ധമായുണ്ട്. ദിനം പ്രതി നൂറുകണക്കിനാളുകളാണ് പ്രദേശം സന്ദർശിക്കാനായി ഇവിടേക്ക് എത്തുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News