യുഎഇയില്‍ റമദാന്‍ കാലത്ത് 50 ലക്ഷം പുസ്തകങ്ങള്‍ വിതരണം ചെയ്യും
റമദാനോട് അനുബന്ധിച്ച് ലോകമെങ്ങുമുള്ള വിദ്യാര്‍ഥികള്‍ക്ക് 50 ലക്ഷം പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ചു
റമദാനോട് അനുബന്ധിച്ച് ലോകമെങ്ങുമുള്ള വിദ്യാര്‍ഥികള്‍ക്ക് 50 ലക്ഷം പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ളോബല്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായായിരിക്കും പദ്ധതി നടപ്പാക്കുക. റമദാന്‍ 19 വരെ നീളുന്ന റീഡിങ് നാഷന്‍ എന്ന് പേരിട്ട പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹം വ്യക്തികളോടും വ്യാപാരികളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
യുഎഇയിലെ ജീവകാരുണ്യ സംഘടനകള്‍ വിദേശരാജ്യങ്ങളില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 10 ലക്ഷം പുസ്തകങ്ങള്‍ നല്‍കും. വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ വിതരണം ചെയ്യാനായിരിക്കും 20 ലക്ഷം പുസ്തകങ്ങള്‍ ഉപയോഗിക്കുക. 20 ലക്ഷം പുസ്തകങ്ങള്‍ അറബ്, ഇസ്ലാമിക ലോകത്തെ 2000 സ്കൂള്‍ ലൈബ്രറികളിലും വിതരണം ചെയ്യും. രാജ്യത്തിന്റെയും ലോകത്തിന്റെയും അഭിവൃദ്ധിക്ക് വിജ്ഞാനം അനിവാര്യമാണെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ചില രാജ്യങ്ങളില്‍ 30 വിദ്യാര്‍ഥികള്‍ ഒരു പുസ്തകം പങ്കുവെച്ചാണ് ഉപയോഗിക്കുന്നത്. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാന സമ്പാദനത്തിന് അവസരങ്ങള്‍ ഒരുക്കേണ്ടത് മതപരവും ധാര്‍മികവുമായ ഉത്തരവാദിത്തമാണ്. നാഗരികതകളെ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വിജ്ഞാന സമ്പാദനത്തിന് ഇസ്ലാം വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. മുന്‍കാലങ്ങളില്‍ ശരീരത്തിന്റെ വിശപ്പകറ്റുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ആത്മാവിന്റെയും മനസ്സിന്റെയും വിശപ്പകറ്റുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.
പദ്ധതിയിലേക്ക് സംഭാവന ചെയ്യാന്‍ നിരവധി മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡു, ഇത്തിസാലാത്ത് മൊബൈലുകളിലൂടെ എസ്എംഎസായും ബാങ്ക് അക്കൗണ്ടുകളിലൂടെയും കാമ്പയിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും പണം കൈമാറാം. വിവിധ മാളുകളിലും സംഭാവന സ്വീകരിക്കാന്‍ സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അഞ്ചുലക്ഷം ദിര്‍ഹം മുതല്‍ 10 ദശലക്ഷം വരെ കോര്‍പറേറ്റ് സംഭാവനകള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.readingnation.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.