ഭീകരവാദത്തെ നേരിടാന്‍ ആഗോളതലത്തില്‍ ശക്തമായ സംവിധാനങ്ങള്‍ വേണമെന്ന് ഖത്തര്‍
ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച യു എസ് ഇസ്ലാം വേള്‍ഡ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്
ഭീകരവാദത്തെ നേരിടാന്‍ ആഗോളതലത്തില്‍ ശക്തമായ സംവിധാനങ്ങള്‍ വേണമെന്ന് ഖത്തര്‍ . ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച യു എസ് ഇസ്ലാം വേള്‍ഡ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഖത്തർ ഭീകരവാദത്തിന്റെ മുഴുവൻ വഴികളും അടച്ചുകളയാൻ ശ്രമിക്കുന്ന രാജ്യമാണെന്നും തീവ്രവാദത്തിലേക്ക് നയിക്കുന്ന കാരണങ്ങളെയാണ് ഞങ്ങൾ ചികിത്സിക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി പറഞ്ഞു. സാമ്പത്തികവും സമൂഹികവുമായ നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാം. അത് തിരിച്ചറിഞ്ഞ് വേണം പരിഹാരം തേടാനെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ചൂണ്ടിക്കാട്ടി. ഏത് തരം പ്രതിസന്ധികളിലും ഇരകളാകുന്നത് പൊതുസമൂഹമാണ് എന്നത് ദു:ഖകരമായ കാര്യമാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷ സമിതികൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. യു.എസ്-ഇസ്ലാം വേൾഡ് ഫോറം പോലെയുള്ള സംരഭങ്ങൾ നിരന്തരമായി സംഘടിപ്പിക്കുകയാണ് ഇസ് ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണ അകറ്റാൻ മികച്ച പോംവഴി. മതങ്ങളെയും വിശ്വാസങ്ങളെയും തിരിച്ചറിയുന്നതിന് ഇത്തരം വേദികൾ ഏറെ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അമേരിക്കയും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധത്തിൽ പ്രധാന വെല്ലുവിളി ഫലസ്തീൻ പ്രതിസന്ധി തന്നെയാണ് എന്ന കാര്യം അംഗീകരിച്ചേ പറ്റൂ. ഫലസ്തീൻ ജനതക്ക് ലഭിക്കേണ്ട നീതി ലഭ്യമാക്കുന്നതിന് പലപ്പോഴും വിഘാതം സൃഷ്ടിക്കുന്ന നിലപാടുകൾ ഉണ്ടാകുന്നുവെന്നത് ദു:ഖകരമായ കാര്യമാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രതിസന്ധിയും സഹകരണവും എന്ന പ്രമേയത്തിലാണ് 13 മത് യു എസ് ഇസ്ലാമിക് വേള്‍ഡ് ഫോറം ന്യൂയോര്‍ക്കില്‍ നടന്നത് . ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അടക്കം ആഗോള തലത്തിൽ ഉന്നതരും പ്രമുഖരുമായ പ്രതിനിധികൾ ഫോറത്തിൽ സംബന്ധിച്ചു.