എണ്ണവില വർധന ഇന്ത്യൻ ഉപഭോക്താവിനെ വേദനിപ്പിക്കുന്നുണ്ടെന്ന് ധർമേന്ദ്ര പ്രധാന്‍
എണ്ണ വില ആർക്കും പ്രവചിക്കാനാവില്ലെന്നും വില വർധനയെ രാഷ്ട്രീയവത്കരിക്കരുതെന്നും ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി
എണ്ണവില വർധന ഇന്ത്യൻ ഉപഭോക്താവിനെ വേദനിപ്പിക്കുന്നുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്‍. എണ്ണ വില ആർക്കും പ്രവചിക്കാനാവില്ലെന്നും വില വർധനയെ രാഷ്ട്രീയവത്കരിക്കരുതെന്നും ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
മൂന്നു ദിവസത്തെ യു.എ.ഇ സന്ദർശനത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ മാധ്യമങ്ങളെക്കണ്ട മന്ത്രി ഏറ്റു പറച്ചിലിനു പിന്നാലെ ഇന്ധന നികുതി പിൻവലിക്കാൻ കേന്ദ്രം ഒരുക്കമല്ലെന്നും തീർത്തു പറഞ്ഞു. എണ്ണവിലയിലെ കേന്ദ്ര നികുതിയുടെ 60 ശതമാനവും സംസ്ഥാനങ്ങൾക്കാണ് ലഭിക്കുന്നതെന്നും ഗ്രാമങ്ങളിൽ റോഡ് നിർമിക്കാനും ആശുപത്രിയും സ്കൂളും സ്ഥാപിക്കാൻ ഇതാവശ്യമാണെന്നും മന്ത്രി പറഞ്ഞു. എണ്ണ വില ന്യായമായിരിക്കണമെന്ന് പറയാൻ മന്ത്രി മറന്നില്ല. എന്നാൽ എന്താണ് ന്യായവിലയെന്ന് ചോദ്യമുയർന്നെങ്കിലും അതു വാർത്താ സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ടതല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിവിധ ഗൾഫ് രാജ്യങ്ങളുമായി എണ്ണ, പ്രകൃതി വാതക പര്യവേക്ഷണത്തിന് ധാരണകളുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതിന് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വിലയുമായി ബന്ധമില്ലെന്നും എണ്ണ വില തീരുമാനിക്കുന്നത് അന്താരാഷ്ട്ര അംഗീകൃത പ്രക്രിയയിലൂടെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.