പുതിയ ചാനലുമായി സൗദി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ
രാജ്യത്തെ പ്രമുഖ അഭിനേതാക്കളും സംവിധായകരും പുതിയ ചാനലിൽ പ്രത്യക്ഷപ്പെടും
നാടകവും കലപരിപാടികളും സംപ്രേഷണം ചെയ്യാനായി സൗദി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ പുതിയ ചാനൽ തുടങ്ങുന്നു. രാജ്യത്തെ പ്രമുഖ അഭിനേതാക്കളും സംവിധായകരും പുതിയ ചാനലിൽ പ്രത്യക്ഷപ്പെടും. കലാ കായിക വിനോദ പരിപാടികളാണ് ചാനലില്‍ ഉണ്ടാവുക.
തിയറ്ററുകള്‍ തുറന്ന സൌദിയിലെക്ക് പുതിയ വിനോദ സാധ്യത തുറന്നിടും ചാനല്‍. വിവിധ കലാ സാംസ്കാര വിനോദ ഷോകളാണ്പുതിയ ചാനലില്‍ സംപ്രേഷണം ചെയ്യുകയെന്ന് എസ്.ബി.സി പ്രസിഡൻറ് ദാവൂദ് അൽ ഷിറിൻ പറഞ്ഞു. പുതിയ ചാനലിന്റെ വരവ് സൗദി ചലച്ചിത്ര, മാധ്യമ മേഖലക്ക് കരുത്താവുമെന്ന് അദ്ദേഹം പറഞ്ഞു. ആറ് മാസം നീണ്ട തയ്യാറെടുപ്പിന് ഒടുവിലാണ് പുതിയ ചാനൽ എത്തുന്നത്. റമദാനിൽ സംപ്രേഷണം തുടങ്ങും. രാജ്യത്ത് കഴിവ് തെളിയിച്ച നിരവധി കലാകാരൻമാരുണ്ട്. സിനിമ നിർമാണമേഖലയിൽ സൗദി നിക്ഷേപകർ പുറത്ത് പോകേണ്ട അവസ്ഥയുണ്ടായിരുന്നു. അതെല്ലാം മാറി. സൗദിയുടെ പുതിയ മാറ്റങ്ങൾക്കനുസരിച്ച് എസ്.ബി.സിയും മാറുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. അറബ് ലോകത്ത് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന് അകത്തും പുറത്തുമുള്ള കഴിവുറ്റ യുവാക്കളെ ഇതിനായി ഉപയോഗപ്പെടുത്തും. നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുക്കും. സിനിമയുടെ തിരിച്ചു വരവ് ഇതിന് വഴിയൊരുക്കിയെന്നും ദാവൂദ് അൽ ഷിറിൻ പറഞ്ഞു. ലോകോത്തര നിലവാരം ഉറപ്പു വരുത്തുന്നതാവും പുതിയ ചാനലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.