കഅ്ബാലയം: അള്ളാഹുവിനെ ആരാധിക്കുവാന്‍ ഭൂമുഖത്ത് പണിത ആദ്യ ദേവാലയം
നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത കഅ്ബ നാല് തവണ പുതുക്കി പണിതിട്ടുണ്ടെന്നാണ് ചരിത്രം
അള്ളാഹുവിനെ ആരാധിക്കുവാന്‍ ഭൂമുഖത്ത് പണിത ആദ്യ ദേവാലയാണ് മക്കയിലെ വിശുദ്ധ കഅ്ബാലയം. നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത കഅ്ബ നാല് തവണ പുതുക്കി പണിതിട്ടുണ്ടെന്നാണ് ചരിത്രം. നാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവസാനമായി കഅ്ബ പുതുക്കി പണിതത്. എന്നാല്‍ വിവിധ കാലഘട്ടങ്ങളില്‍ പന്ത്രണ്ട് തവണ ഈ ദേവാലയത്തിന്റെ അറ്റകുറ്റപണി നടത്തിയിട്ടുണ്ട്.
പ്രവാചകന്‍ ഇബ്രാഹീമും മകന്‍ ഇസ്മാഈലുമാണ് ആദ്യമായി കഅബ നിര്‍മിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രവാചക നിയോഗത്തിന് അഞ്ചുവര്‍ഷം മുന്‍പ് ഖുറൈശികള്‍ പുനര്‍ നിര്‍മിച്ചു. ഹിജ്റ വര്‍ഷം 65ല്‍ പ്രവാചകന്റെ അനുയായിയായ അബ്ദുല്ലാഹിബ്നു സുബൈര്‍, അറുപത്തി ആറാം വര്‍ഷം ഉമവി രാജാവ് അബ്ദുല്‍ മലിക്ക് മക്ക ഗവര്‍ണറായി നിയമിച്ച ഹജ്ജാജുബ്നു യൂസുഫ്, ഹിജ്റ 1040ല്‍ സുല്‍ത്താന്‍ മുറാദ് നാലാമന്‍ എന്നിവരാണ് പിന്നീട് കഅബ പുനര്‍ നിര്‍മ്മിച്ചത്. മക്കയിലുണ്ടായ വന്‍ വെള്ളപ്പൊക്കത്തില്‍ കേടുപറ്റിയതിനെ തുടര്‍ന്നാണ് അന്ന് പുനര്‍നിര്‍മാണം നടത്തുന്നത്. ഈജിപ്ഷ്യന്‍ എന്‍ജിനീയര്‍മാരായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ചരിത്രം വ്യക്തമാക്കുന്നു. ആധുനിക സൗദി രാഷ്ട്രം നിലവില്‍ വന്നശേഷം ഖാലിദ് രാജാവിന്റെ കാലത്താണ് കഅബക്ക് പുതിയ വാതില്‍ പണിയുന്നത്.
ഏകദേശം 280 കിലോ ശുദ്ധ സ്വര്‍ണം ഉപയോഗിച്ചാണ് വാതില്‍ നിര്‍മിച്ചത്. ഫഹദ് രാജാവിന്റെ കാലത്താണ് കഅബയുടെ സമ്പൂര്‍ണ അറ്റകുറ്റപ്പണി നടത്തിയത്. കാലപ്പഴക്കം കാരണം ഉറപ്പ് കുറഞ്ഞിരുന്ന മേല്‍ക്കൂര മാറ്റിപ്പണിതു. 1200 വര്‍ഷത്തിലധികം പഴക്കമുണ്ടായിരുന്ന തടികൊണ്ടുള്ള തൂണുകള്‍ മാറ്റി. മ്യാന്‍മറില്‍നിന്ന് ഏത് കാലാവസ്ഥയിലും കെട്ടുറപ്പോടെ നില്‍ക്കുന്ന പ്രത്യേക തരം തേക്ക് തടി എത്തിച്ചാണ് തൂണ്‍ നിര്‍മിച്ചത്. ലോകത്തിലുള്ള മുഴുവന്‍ വിശ്വാസികളും കഅ്ബയിലേക്ക് മുഖം തിരിച്ചാണ് നമസ്കാരം നിര്‍വഹിക്കുന്നത്. ഹജ്ജ് ഉംറ എന്നിവയുടെ ത്വവാഫ് അഥവാ പ്രദക്ഷിണം നടത്തുന്നതും കഅ്ബക്ക് ചുറ്റുമാണ്.