ഖത്തറും സൗദി അനുകൂല രാജ്യങ്ങളുമായി അകന്നിട്ട് പത്തുമാസം
പോയ വർഷം ജൂൺ അഞ്ച്. അന്നായിരുന്നു ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ തീരുമാനിച്ചത്.
ഖത്തറുമായി സൗദി അനുകൂല രാജ്യങ്ങൾ അകന്നിട്ട് ഇന്നേക്ക് പത്തു മാസം. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോഴും യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്‍റെ നേതൃത്വത്തിലുളള സമവായ നീക്കം വിജയം കാണുമെന്ന പ്രതീക്ഷയും ശക്തമാണ്. ഈ മാസം പ്രശ്നപരിഹാരം ഉണ്ടാകുമെന്നു തന്നെയാണ് വൈറ്റ് ഹൗസും വ്യക്തമാക്കുന്നത്.
പോയ വർഷം ജൂൺ അഞ്ച്. അന്നായിരുന്നു ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ തീരുമാനിച്ചത്. ഒരുമിച്ചു നിന്ന ഗൾഫ് രാജ്യങ്ങളുടെ കെട്ടുറപ്പാണ് അതോടെ തകർന്നത്. പതിമൂന്നിന അജണ്ടകളുടെ പുറത്തല്ലാതെ ഖത്തറുമായി അനുരഞ്ജനത്തിന് ഒരുക്കമല്ലെന്നാണ് സൗദി അനുകൂല രാജ്യങ്ങളുടെ നിലപാട്.
രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്ന ഒത്തുതീർപ്പിനില്ലെന്ന് ഖത്തറും പറയുന്നു. അതിനിടെ, തങ്ങളുടെ യാത്രാവിമാനങ്ങളെ ഖത്തർ യുദ്ധവിമാനങ്ങൾ രണ്ടാം തവണയും അനുഗമിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര വ്യോമയാന സംഘടനക്കും ഐക്യരാഷ്ട്ര സംഘടനക്കും യു.എ.ഇ പരാതി കൈമാറുകയും ചെയ്തു. ഖത്തർ ഇത് നിഷേധിക്കുകയാണ്. മെയ് മാസം നടക്കേണ്ട ക്യാമ്പ് ഡേവിഡ് ജി.സി.സി ഉച്ചകോടി മാറ്റി വച്ചെങ്കിലും സമവായ നീക്കം ഊർജിതമാക്കാൻ തന്നെയാണ് യു.എസ് തീരുമാനം. ഇതിന്റെ ഭാഗമായി ഗൾഫ് നേതാക്കളുമായി ട്രംപ് ചർച്ച തുടരുകയാണ്.
പശ്ചിമേഷ്യയിൽ ഇറാൻവിരുദ്ധ പക്ഷം വിപുലീകരിക്കാനും ഐക്യ ഗൾഫ് കൂട്ടായ്മ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് അമേരിക്ക. സിറിയ, യെമൻ, ലബനാൻ പ്രശ്നങ്ങൾ സങ്കീർണമാക്കുന്ന ഇറാനെ അമർച്ച ചെയ്യണമെന്ന കാര്യത്തിൽ ഗൾഫ് രാജ്യങ്ങളും ഏറെക്കുറെ അമേരിക്കക്കൊപ്പമാണ്.