ദ്വീപ് ജീവിതം സാധ്യമാക്കാനൊരുങ്ങി ഖത്തര്‍

Update: 2018-06-05 12:27 GMT
ദ്വീപ് ജീവിതം സാധ്യമാക്കാനൊരുങ്ങി ഖത്തര്‍
Advertising

പേള്‍ ഖത്തറില്‍ ഒരുങ്ങുന്ന ജിവാന്‍ ആഡംബര ദ്വീപിന്റെ മാതൃക പുറത്തുവിട്ടു

തീരസൗന്ദര്യം ആസ്വദിച്ച് തന്നെ ദ്വീപ് ജീവിതം സാധ്യമാക്കാനൊരുങ്ങുകയാണ് ഖത്തര്‍. പേള്‍ ഖത്തറില്‍ ഒരുങ്ങുന്ന ജിവാന്‍ ആഡംബര ദ്വീപിന്റെ മാതൃക പുറത്തുവിട്ടു. യുനൈറ്റഡ് ഡവലപ്‌മെന്റ് കമ്പനിയാണ് ഈ മെഗാ റിയല്‍ എസ്റ്റേറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ഖത്തറിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച ബനാന ഐലന്റ് പദ്ധതിക്ക് ശേഷം രാജ്യത്ത് ജനവാസത്തിനായുള്ള ദ്വീപ് ഒരുക്കുക എന്ന ദൗത്യമാണ് യുനൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്.

ഖത്തറിന്റെ ആഡംബരത്തുരുത്തായ പേള്‍ഖത്തറില്‍ തീര സൗന്ദര്യം ആസ്വദിച്ച് കൊണ്ട് തന്നെ ദ്വീപ്വാസം സാധ്യമാക്കുകയാണ് ലക്ഷ്യം. 3000 താമസക്കാരെ ഉള്‍ക്കൊള്ളാവുന്ന ജീവാന്‍ ദ്വീപില്‍ 6000 സന്ദര്‍ശകരെയും ഉള്‍ക്കൊള്ളാനാവും. രണ്ടര ബില്യണ്‍ റിയാലാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. നാല് ലക്ഷം ചതുരശ്ര മീറ്ററില്‍ പേള്‍ഖത്തറിനോട് ചേര്‍ന്നാണ് ഈ സുന്ദര ദ്വീപ് ഒരുങ്ങുന്നത്. 2021 ഓടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതി ദ്രുതഗതിയില്‍ നടപ്പിലാക്കും. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി നിര്‍ദിഷ്ട പദ്ധതിയുടെ രൂപരേഖ പ്രകാശനം ചെയ്തു. ക്രിസ്റ്റല്‍ വാക്ക് വേ മുതല്‍ ആഡംബര ജീവിതത്തിന്റെ പൂര്‍ണ്ണതയായിരിക്കും പുതിയ ദ്വീപ്.

Tags:    

Similar News