ഇന്ന് റമദാന്‍ പതിനേഴ്
ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബദ്ര്‍ യുദ്ധത്തിന്റെ സ്മരണകളിലൂടെ കടന്ന് പോകുന്ന ദിനം
ഇന്ന് റമദാന്‍ പതിനേഴ്. ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബദ്ര്‍ യുദ്ധത്തിന്റെ സ്മരണകളിലൂടെ കടന്ന് പോകുന്ന ദിനം. ഇരട്ടിയിലേറെ വരുന്ന എതിരാളികളെ വിശ്വാസത്തിന്റെ കരുത്തില്‍ അതിജയിച്ച പ്രവാചകനെയും അനുയായികളേയും ഓര്‍മപ്പെടുത്തുകയാണ് ബദ്ര്‍.
ബദ്ര്‍ യുദ്ധം, ഇസ്ലാമിക ചരിത്രത്തിലെ അത്യുജ്ജ്വലമായരേട്. പ്രവാചകന്‍ മുഹമ്മദ് പങ്കെടുത്ത ആദ്യ യുദ്ധം. മദീന കേന്ദ്രമായി മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഭരണകൂടത്തിന് നേരെ അറബ് ഗോത്രങ്ങള്‍ മക്കയില്‍ നിന്നും ആയുധവുമായി പുറപ്പെട്ടു. ആയിരത്തോളം വരുന്ന ശത്രു സൈന്യവുമായേറ്റുമുട്ടിയത് വെറും മുന്നൂറോളം വരുന്ന വിശ്വാസികള്‍. ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിന് നടന്ന യുദ്ധത്തില്‍ വിജയം പ്രവാചക പക്ഷത്തിന്.
പതിനാല് നൂറ്റാണ്ട് മുന്‍പ് നടന്ന യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ഖബറുകളും ശേഷിപ്പികളും ഇവിടെയുണ്ട്. കൊത്തിവെച്ചിട്ടുണ്ട് രക്തസാക്ഷികളുടെ പേരുകള്‍. പ്രവാചക അനുയായികളുടെ ഖബറിടത്തില്‍ സലാം ചെല്ലാന്‍ നിരവധി വിശ്വാസികള്‍ ഇന്നും ബദ്റിലെത്തുന്നു.