'ഖത്‍മുല്‍ ഖുര്‍ആന്‍' അനുഭവത്തിന് സാക്ഷിയാകാന്‍ വിശ്വാസസാഗരം
റമദാന്‍ ഇരുപത്തി ഒമ്പതാം രാവില്‍ ഖുര്‍ആന്‍ പാരായണം ഒരാവര്‍ത്തി പൂര്‍ത്തിയാകുന്ന 'ഖത്മുല് ഖുര്‍ആന്‍' അനുഭവത്തിന് സാക്ഷിയാകാനെത്തിയ വിശ്വാസികളാല്‍ ഇരുഹറമുകള്‍ നിറഞ്ഞു കവിഞ്ഞു.
റമദാന്‍ ഇരുപത്തി ഒമ്പതാം രാവില്‍ ഖുര്‍ആന്‍ പാരായണം ഒരാവര്‍ത്തി പൂര്‍ത്തിയാകുന്ന 'ഖത്മുല് ഖുര്‍ആന്‍' അനുഭവത്തിന് സാക്ഷിയാകാനെത്തിയ വിശ്വാസികളാല്‍ ഇരുഹറമുകള്‍ നിറഞ്ഞു കവിഞ്ഞു. മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇന്നലെ രാത്രി നടന്ന 'ഖത്മുല്‍ ഖുര്‍ആനില്‍' 25 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു.
സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ഖത്മുല്‍ ഖുര്‍ആനിലും നമസ്കാരത്തിലും പങ്കെടുക്കാന്‍ ഇന്നലെ മക്കയിലെത്തിയത്. ഇതോടൊപ്പം വിദേശികളായ ഉംറ തീര്‍ഥാടകര്‍ കൂടിയായതോടെ മസ്ജിദുല്‍ ഹറാം വിശ്വാസികളെക്കൊണ്ട് വീര്‍പ്പുമുട്ടി. ഇരുപത്തി ഏഴാം രാവ് കഴിഞ്ഞിട്ടും ഹറമിലെ തിരക്കിന് കുറവൊന്നുമുണ്ടായിരുന്നില്ല. ഇശാഅ്, തറാവീഹ് നമസ്കാരവേളയില്‍ മസ്ജിദിനകവും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. തൊട്ടടുത്ത റോഡുകളും കവിഞ്ഞു നമസ്കാരത്തിന്റെ നിര പുറത്തേക്ക് നീണ്ടു. നമസ്കാരത്തിനും പ്രാര്‍ഥനക്കും ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് നേതൃത്വം നല്‍കി. ലോകം മുഴുവനും ശാന്തിയും സമാധാനവും സ്ഥിരതയും കൈവരിക്കാന്‍ ഇമാം പ്രാര്‍ഥിച്ചു.
മദീനയിലെ മസ്ജിദുന്നബവിയിലും സ്ഥിതിയും വ്യത്യസ്ഥമമായിരുന്നില്ല. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ പത്ത് ലക്ഷത്തോളും പേര്‍ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനയിലും നമസ്കാരത്തിലും പങ്കെടുത്തു. പാപമോചനത്തിനും നരകമുക്തിക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളുമായി നേരം വെളുപ്പിച്ച ശേഷമാണ് വിശ്വാസികള്‍ ഹറമുകളില്‍ നിന്ന് മടങ്ങിയത്. ഖത്മുല്‍ ഖുര്‍ആന്‍ ദിവസമുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് ഇരുഹറം കാര്യാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. പ്രയാസ രഹിതമായി ഇത്തവണത്തെ റമദാന്‍ പൂര്‍ത്തിയാക്കിയ ആശ്വാസത്തിലാണ് സൌദി ഭരണകൂടം.