ബസുകൾക്കും ടാക്സികൾക്കും പ്രത്യേക ലെയ്ൻ; പദ്ധതിയുമായി ദുബൈ ആർ.ടി.എ
ജുമൈറ ലെയ്ക്സ് മെട്രോ സ്റ്റേഷനോട് അനുബന്ധിച്ച് 1.8 കിലോമീറ്റർ പാതയുടെ പണി പൂർത്തിയായി
ബസുകൾക്കും ടാക്സികൾക്കും പ്രത്യേക ലെയ്ൻ ഒരുക്കാനുള്ള വിപുലമായ പദ്ധതിയുമായി ദുബൈ ആർ.ടി.എ. ജുമൈറ ലെയ്ക്സ് മെട്രോ സ്റ്റേഷനോട് അനുബന്ധിച്ച് 1.8 കിലോമീറ്റർ പാതയുടെ പണി പൂർത്തിയായി. കൂടുതൽ കേന്ദ്രങ്ങളിലേക്ക് പ്രത്യേക ലൈനുകൾ ദീർഘിപ്പിക്കാനാണ് തീരുമാനം.
ബസ്, ടാക്സി ലൈനുകളിൽ അന്യവാഹനങ്ങൾ സഞ്ചരിക്കുന്നത്
കർശനമായി തടയും. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് 600 ദിർഹമാണു പിഴ. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചാകും നിയമലംഘകരെ പിടികൂടുക. ടാക്സികൾക്കും ബസുകൾക്കും പ്രത്യേക ലെയ്ൻ സജ്ജമാക്കിയത് പൊതുഗതാഗതം കൂടുതൽ സുഗമമാക്കിയെന്നാണ്
ആർ.ടി.എ വിലയിരുത്തൽ. പൊതു ഗതാഗതം ഉപയോഗിക്കുന്നവർക്ക്
തിരക്കിൽ പെടാതെ എളുപ്പം യാത്രചെയ്യാൻ സാധിക്കുന്നത്
നല്ല പ്രതികരണമാണ് സൃഷ്ടിക്കുന്നതെന്നും ആർ.ടി.എ അധികൃതർ വ്യക്തമാക്കി.
ബസുകളിലേക്കു കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട് . 2010ൽ തുടക്കമിട്ടതാണ് പ്രത്യേക ലൈൻ പദ്ധതി. ഈ സംവിധാനം വിവിധ മേഖലകളിൽ സമയബന്ധിതമായി പൂർത്തിയാക്കും. സത്വ റൗണ്ട്ബൗട്ട് മുതൽ ശൈഖ്റാഷിദ് സ്ട്രീറ്റ് വരെയുള്ള മൻഖൂൽ റോഡ്, അൽ ഖലീജ് സ്ട്രീറ്റ് എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ടം. ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്, അൽ മിനാ റോഡ് ഇന്റർസെക്‌ഷൻ, അൽ ഗുബൈബ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കും പദ്ധതി പിന്നീട്
ദീർഘിപ്പിച്ചു.