ഒമാനില്‍ അറ്റസ്റ്റേഷൻ സേവനങ്ങളുടെ നിരക്ക് വർധിച്ചു

വിവാഹ സർട്ടിഫിക്കറ്റ്​, പവർ ഓഫ്​ അറ്റോണി തുടങ്ങിയ സേവനങ്ങൾക്കെല്ലാം നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന്​ വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റേഷൻ വിഭാഗം തലവൻ മുഹമ്മദ്​ അൽ സൈഫ്​ പറയുന്നു

Update: 2018-07-09 02:05 GMT
Advertising

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ അറ്റസ്റ്റേഷൻ സേവനങ്ങളുടെ നിരക്ക് വർധിച്ചു .വിവാഹ സർട്ടിഫിക്കറ്റ്​, പവർ ഓഫ്​ അറ്റോണി തുടങ്ങിയ സേവനങ്ങൾക്കെല്ലാം നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന്​ വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റേഷൻ വിഭാഗം തലവൻ മുഹമ്മദ്​ അൽ സൈഫ്​ പറയുന്നു.

ഈ വർഷം ആദ്യം മുതലാണ്​ വിദേശകാര്യമന്ത്രാലയം എല്ലാ സേവനങ്ങളുടെയും ചുരുങ്ങിയ സേവന നിരക്ക്​ പത്ത്​ റിയാലായി നിജപ്പെടുത്തിയത്​. അഞ്ച്​ വർഷം മുമ്പ്​ വരെ എല്ലാ സേവനങ്ങൾക്കും മൂന്ന്​ റിയാലായിരുന്നു ഈടാക്കിയിരുന്നത്​. ഇതാണ്​ പത്ത്​ റിയാലായി ഉയർത്തിയത്​. എന്നാൽ പവർ ഓഫ്​ അറ്റോണി ഇതിലും കൂടിയ നിരക്കാണ്​ ഈടാക്കുന്നത്​. ഒമാൻ സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ വിദേശികൾക്ക്​ നൽകുന്ന എല്ലാ സർട്ടിഫിക്കറ്റുകളും വിദേശകാര്യമന്ത്രാലയം അറ്റസ്റ്റ്​ ചെയ്യണം.

ഒമാനിൽ ജനിക്കുന്ന കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്​, വിവാഹ സർട്ടിക്കറ്റ്​, വിവിധ ഒമാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന യോഗ്യത സർട്ടിഫിക്കറ്റ്​ എന്നിവയെല്ലാം ഇങ്ങനെ സാക്ഷ്യപ്പെടുത്തണം. എന്നാൽ ഇന്ത്യയിൽ നൽകുന്ന വിവാഹ, ജനന സർട്ടിഫിക്കറ്റുകൾക്ക്​ അപോസ്റ്റൽ അറ്റസ്റ്റേഷൻ സമ്പ്രദായം നിലവിലുള്ളതിനാൽ ഈ ഇനങ്ങളിലെ നിരക്ക്​ വർധന ഇന്ത്യക്കാരെ ബാധിക്കില്ല. വിസ ആവശ്യത്തിനും മറ്റും ഇത്തരം അറ്റസ്​റ്റേഷനുള്ള സർട്ടിഫിക്കറ്റുകൾ ​നേരെ എമിഗ്രേഷനിൽ സമർപ്പിക്കുകയാണ്​ വേണ്ടത്​. എന്നാൽ ഇന്ത്യക്കാരല്ലാത്ത മറ്റ്​ രാജ്യക്കാർ ഈ സർവീസുകൾക്കും പത്ത്​ റിയാൽ നൽകേണ്ടി വരും.

Tags:    

Similar News