ഇനി വീട്ടുപടിക്കല്‍ പെട്രോളെത്തും; പദ്ധതിയുമായി അഡ്നോക്
ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ പദ്ധതി നടപ്പാക്കുമെന്ന് അബൂദബി നാഷ്ണൽ ഓയിൽ കമ്പനി അധികൃതർ വെളിപ്പെടുത്തി
വീട്ടുപടിക്കൽ പെട്രോൾ എത്തിക്കുന്ന പദ്ധതിക്ക് അഡ്നോക് തുടക്കം കുറിക്കുന്നു. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ പദ്ധതി നടപ്പാക്കുമെന്ന് അബൂദബി നാഷ്ണൽ ഓയിൽ കമ്പനി അധികൃതർ വെളിപ്പെടുത്തി.
അബൂദബി അഡ്നോക് ചില്ലറ വിതരണ വിഭാഗം അബൂദബി എമിറേറ്റ്സ് വൈസ് പ്രസിഡന്റ് സുൽത്താൻ സലീം അൽ ജെനൈബി ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖ്യത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പദ്ധതി നടപ്പാക്കാനാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ട്. 'മൈ സ്റ്റേഷൻ' എന്ന പേരിലുള്ള ആപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷം വേണ്ട മാറ്റങ്ങൾ വരുത്തിയായിരിക്കും ഇത് നടപ്പാക്കുക. ജെറ്റ് സ്കീ ഓപറേറ്റർമാർക്കും ബോട്ട് ഉടമകൾക്കുമാണ് ഇത് ഏറെ പ്രയോജനപ്പെടുക. ഏത് തരം ഇന്ധനമാണ് വേണ്ടത്, എത്ര അളവിൽ എവിടെ നൽകണം എന്നൊക്കെ ആപ്പ് വഴി നിർദ്ദേശിച്ചാൽ അഡ്നോക് ജീവനക്കാരൻ അത് എത്തിക്കുന്നതാണ് പദ്ധതി.
അഡ്നോക് നടപ്പാക്കുന്ന ഡ്രൈവർമാർ സ്വയം ഇന്ധനം നിറക്കുന്ന പദ്ധതിയുടെ ഭാഗമായ പരിശീലനം പുരോഗമിക്കുകയാണ്. മാളുകളിലും മറ്റും പ്രത്യേക പമ്പുകൾ സ്ഥാപിച്ചാണ് ഉപഭോക്താക്കൾക്ക് പരിശീലനം നൽകുന്നത്. അഡ്നോക് പമ്പുകളിൽ ജീവനക്കാർ ഇന്ധനം നിറക്കണമെങ്കിൽ പത്ത് ദിർഹം അധികം കൊടുക്കണമെന്ന നിർദ്ദേശം അടുത്തിടെ നടപ്പാക്കിയിരുന്നു. രാജ്യത്താകമാനം 362 പെട്രോൾ സ്റ്റേഷനുകളാണ് അഡ്നോക്കിനുള്ളത്. 12 പുതിയ പമ്പുകൾ കൂടി തുറക്കാനും അഡ്നോക്ക് ഉദ്ദേശിക്കുന്നുണ്ട്.