ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന്
ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളിനും അഞ്ച് ബ്രിട്ടീഷ് സ്‌കൂളുകള്‍ക്കുമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഭൂമി ലഭിച്ചത്.
ഖത്തറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിക്കൊണ്ടുള്ള കരാറുകളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവെച്ചു. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളിനും അഞ്ച് ബ്രിട്ടീഷ് സ്‌കൂളുകള്‍ക്കുമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഭൂമി ലഭിച്ചത്.
ദോഹയിലെ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ചടന്ന ചടങ്ങിലാണ് ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസമന്ത്രാലയം വിവിധ സ്വകാര്യ സ്കൂളുകളുമായി ഭൂമി കൈമാറ്റം സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചത്. സർക്കാർ ഭൂമി സ്വകാര്യസ്കൂളുകളുടെ വികസനപ്രവൃത്തികൾക്ക് പാട്ടത്തിന് അനുവദിക്കുന്നതു ബന്ധപ്പെട്ട് നാല് കരാറുകളിലാണ് ഒപ്പുവെച്ചത്. മന്ത്രാലയത്തിന്റെ ടെക്നിക്കൽ കമ്മിറ്റിയുടെ നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ക്ക് ഭൂമി ലഭ്യമാക്കിയത്.
മന്ത്രാലയത്തിന്റെ കോമൺ സർവീസസ് വിഭാഗം ഡയറക്ടർ മുഹമ്മദ് അൽഹജ്രി സ്കൂൾ അധികൃതരുമായി കരാറിൽ ഒപ്പുവെച്ചു. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തിന്റെ സ്വകാര്യസ്കൂൾ വിഭാഗം അഡ്വൈസർ താരീഖ് അബ്ദുല്ല അൽ അബ്ദുല്ലയും ചടങ്ങിൽ പെങ്കടുത്തു. ഒപ്പുവെച്ച കരാർ പ്രകാരം ആറ് സ്കൂളുകളാണ് പുതുതായി സ്ഥാപിക്കപ്പെടുക. കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്ഥാപനങ്ങളായിരിക്കും ഇവ. ഇതിൽ അഞ്ചെണ്ണം ബ്രിട്ടീഷ് കരിക്കുലവും ഒരെണ്ണം ഇന്ത്യൻ സിലബസുമാണ് പിന്തുടരുക. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ആണ് ഇന്ത്യൻ സിലബസിൽ പുതിയ സ്ഥാപനം തുടങ്ങുക.
ആറ് പുതിയ സ്ഥാപനങ്ങളിലുമായി 8,000 സീറ്റുകളാണ് ഉണ്ടാവുക. ഖത്തറിലെ ജനസംഖ്യ പ്രകാരം ഭാവിവിദ്യാഭ്യാസത്തിനുള്ള പുതിയ ആവശ്യങ്ങൾ കൂടി നിർവഹിക്കാൻ പര്യാപ്തമാകും പുതിയ സീറ്റുകൾ. ഓരോ പ്രദേശത്തെയും ജനസംഖ്യാനുപാദം വിലയിരുത്തി എല്ലാ പ്രദേശങ്ങൾക്കും പ്രാതിനിധ്യം കിട്ടുന്ന തരത്തിലാണ് സ്കൂളുകൾക്ക് മന്ത്രാലയം സർക്കാർ ഭൂമി അനുവദിക്കുന്നത്.