ആശങ്കകളൊഴിയാതെ പ്രവാസി ചിട്ടി; വിവാദങ്ങള്‍ തടസമാകില്ലെന്ന് സര്‍ക്കാര്‍
പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട ആശങ്കകൾ ദുരീകരിക്കാൻ ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ യു.എ.ഇ സന്ദർശനത്തോടെ സാധിക്കുമെന്ന പ്രതീക്ഷയിൽ കെ.എസ്.എഫ്. ഇ അധികൃതർ
പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട ആശങ്കകൾ ദുരീകരിക്കാൻ ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ യു.എ.ഇ സന്ദർശനത്തോടെ സാധിക്കുമെന്ന പ്രതീക്ഷയിൽ കെ.എസ്.എഫ്. ഇ അധികൃതർ. ചിട്ടി പ്രവർത്തനങ്ങൾ ആരംഭിച്ച ആദ്യ ഗൾഫ് രാജ്യം എന്ന നിലയിൽ യു.എ.ഇയിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണത്തിന് പുതിയ വിവാദങ്ങൾ തടസമാകില്ലെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
രാഷ്ട്രീയത്തിന് അതീതമായ പിന്തുണയാണ് കെ.എസ്.എഫ്. ഇ ചിട്ടിക്ക് ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നത്. യു.ഡി.എഫ് ഭരണകാലത്ത് അനുമതി ലഭിച്ചതിനാൽ ചിട്ടി നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇടതു സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ കിഫ്ബിയിൽ പണം നിക്ഷേപിക്കുന്നതുൾപ്പെടെ പല കാര്യങ്ങളും നിയമാനുസൃതമല്ലെന്ന വാദവുമായി മുൻ ധനമന്ത്രി കെ.എം മാണി രംഗത്തു വന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇത് ഏറ്റുപിടിക്കുക കൂടി ചെയ്തതോടെ പ്രവാസി പിന്തുണ ഉറപ്പാക്കാൻ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്.
അടുത്ത മാസാദ്യം യു.എ.ഇയിൽ എത്തുന്ന ധനമന്ത്രി ദിവസങ്ങൾ തന്നെ യു.എ.ഇയിൽ ചെലവിട്ടാകും പ്രവാസികളുടെ സംശയങ്ങൾ ദുരീകരിക്കുക. ചിട്ടിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും യു.എ.ഇയിലെത്തും. 2012ലാണ് ചിട്ടി നടത്തിപ്പിന് സർക്കാർ കെ.എസ്.എഫ്. ഇക്ക് അനുമതി നൽകിയത്. കിഫ്ബിയിൽ തുക നിക്ഷേപിക്കാൻ കെ.എസ്.എഫ്.ഇക്ക് അനുമതിയുണ്ടെങ്കിലും ഗ്യാരണ്ടി സംബന്ധിച്ച അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിലും ഉടൻ പരിഹാരം ഉണ്ടാകുമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.