ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണം: ഇലക്ട്രോണിക് സിക്ക് ലീവ് പദ്ധതിയുമായി സൌദി
രോഗികള്‍ക്ക് അവധി നല്കേണ്ട വ്യവസ്ഥകളില്‍ ഭേദഗതിയുണ്ടോ എന്ന് പരിശോധിക്കാനായി സിവില്‍ സര്‍വ്വീസ് മന്ത്രാലയവുമായി പ്രവര്‍ത്തനം ഏകോപിപ്പിക്കും.
സ്വദേശിവത്കരണം ഉള്‍പ്പെടെയുളളവ ലക്ഷ്യം വെച്ച് സൌദിയില്‍ വിവിധ ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്ക് സൗദി രാജാവിന്‍റെ അംഗീകാരം. സ്വകാര്യ ആരോഗ്യ സംരക്ഷണമേഖലയില്‍ കൂടുതല്‍ സൗദിവല്‍ക്കരണം ലക്ഷ്യം വെച്ചാണ് പദ്ധതി.
സ്വകാര്യ ആരോഗ്യമേഖലയില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യം. ഇത് മുന്നില്‍ കണ്ടുള്ള പുതിയ പദ്ധതികള്‍ക്കാണ് സല്‍മാന്‍ രാജാവ് അംഗീകാരം നല്കിയത്. ഇതിന്റെ ഭാഗമായി ഇലക്ടോണിക്ക് സിക്ക് ലീവ് സിസ്റ്റം നടപ്പിലാക്കും. ക്ലിനിക്കല്‍ കോഡിംഗിന് സൗദി പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ബാക്കിയുള്ള നിര്‍ദേശങ്ങള്‍. രോഗികള്‍ക്ക് അവധി നല്കേണ്ട വ്യവസ്ഥകളില്‍ ഭേദഗതിയുണ്ടോ എന്ന് പരിശോധിക്കാനായി സിവില്‍ സര്‍വ്വീസ് മന്ത്രാലയവുമായി പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇതിലൂടെ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശി ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.
സൗദി ആരോഗ്യ കൗണ്‍സിലിന്റേയും ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്പ്മെന്‍റ്ഫണ്ടിന്‍റേയും സഹകരണത്തോടെയാണ് പരിശീലന പരിപാടിയുമുണ്ടാകും. ഹദ്ദാഫ് നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് പ്രോഗ്രാം ബിരുദധാരികളെ നിയമിക്കാന്‍ സ്വാകാര്യ ആരോഗ്യമേഖലയെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ പരിരക്ഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്തലും ചെലവുകള്‍ നിയന്ത്രിക്കലും ഇതിലൂടെ സാധ്യമാകും. സ്വദേശി ബിരുദധാരികളെ നിയമിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനും കോപ്പറേറ്റീവ് ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സിലും സൗദി ആരോഗ്യ കൗണ്‍സിലുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.