സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു
പ്രവാസ ലോകത്ത് നിന്നും മറ്റും വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിരക്ക് എയര്‍ ഇന്ത്യ കുറച്ചത്.
ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു. പ്രവാസ ലോകത്ത് നിന്നും മറ്റും വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്
നിരക്ക് എയര്‍ ഇന്ത്യ കുറച്ചത്.
കിടപ്പുരോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടി വരെ വര്‍ധിപ്പിക്കാനായിരുന്നു എയർ ഇന്ത്യ തീരുമാനം. ഈ മാസം ഇരുപതിനാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തുവന്നത്. പ്രവാസികളായ പാവപ്പെട്ട രോഗികൾക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു പുതിയ തീരുമാനം. അതുകൊണ്ടു തന്നെ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് പ്രവാസി സംഘടനകളും മറ്റും ആവശ്യപ്പെട്ടു. ഏതായാലും പ്രതിഷേധം ഫലം കണ്ടു. സർക്കുലർ റദ്ദാക്കിയതായി എയർഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.
സർക്കുലർ റദ്ദാക്കിയതോടെ കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്, ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പഴയ നിരക്കായ തൊണ്ണൂറ്റിഅയ്യായിരം രൂപ നൽകിയാൽ മതി. ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും സ്‌ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് കൂട്ടിയിരുന്നു. കുറഞ്ഞത് 20 രോഗികളെങ്കിലും എയർ ഇന്ത്യയുടെ സ്‌ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റു മുഖേന നാട്ടിലേക്ക് പോകുന്നുണ്ട്.
തൊഴിലിടങ്ങളിലും മറ്റും വീണു പരുക്കേറ്റാണ് ഭൂരിപക്ഷം പേരും നാട്ടിലേക്ക് വിദഗ്ധ ചികിൽസ തേടി പോകുന്നത്. അന്യായമായ നിരക്കുവർധന പിൻവലിച്ച നടപടിയെ വിവിധ പ്രവാസി സംഘടനകൾ സ്വാഗതം ചെയ്തു.