ഖത്തര്‍ ലോകകപ്പ് പദ്ധതികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ 

തൊഴിലാളികളുടെ വ്യക്തിപരവും തൊഴില്‍ പരവുമായ ജീവിതം മെച്ചപ്പെടുത്തുകയും സംരക്ഷണമൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്

Update: 2018-08-01 02:50 GMT
Advertising

2022 ഖത്തര്‍ ലോകകപ്പ് പദ്ധതികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. തൊഴിലാളികളുടെ വ്യക്തിപരവും തൊഴില്‍ പരവുമായ ജീവിതം മെച്ചപ്പെടുത്തുകയും സംരക്ഷണമൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ തൊഴിലാളി ക്ഷേമ സവിഭാഗത്തിന്‍രെയും പ്രത്യേക ലോകകപ്പ് പദ്ധതി ഓഫീസിന്റെയും നേതൃത്വത്തില്‍ ഖത്തര്‍ ഇന്നവേഷന്‍ കമ്മ്യൂണിറ്റിയുമായി സഹകരിച്ചാണ് പുതിയ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളായ തൊഴിലാളികള്‍ക്ക് ഈ ആപ്പിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. മദാദ് എസ് സി വര്‍ക്കേഴ്‌സ് എന്ന പേരിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ കീഴില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ജോലി ചെയ്യുന്ന 22000 തൊഴിലാളികള്‍ക്ക് ഈ ആപ്പ് പ്രയോജനപ്പെടുത്താം. തൊഴിലാളികളുമായി കൂടിയാലോചന നടത്തിയും അവരുടെ അഭിപ്രായങ്ങള്‍ മനസിലാക്കിയുമാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ലുസൈല്‍ സ്റ്റേഡിയത്തിലെ തൊഴിലാളികള്‍ക്കിടയിലാണ് ഇതു സംബന്ധിച്ച് വിവരശേഖരണം നടത്തിയത്. തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് പര്യാപ്തമായ വണ്‍ സ്റ്റോപ്പ് ഷോപ്പ് എന്ന നിലയിലാണ് ആപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കുടുംബങ്ങളുമായും സുഹത്തുക്കളുമായും സുഗമമായുള്ള ആശയവിനിമയം,ഒഴിവുകാല സാമുഹിക വിനോദ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധം, ആരോഗ്യ ഉപദേശ നിര്‍ദ്ദേശങ്ങള്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളുടെയും രേഖകളുടെയും സോഫ്റ്റ്‌കോപ്പികള്‍ സൂക്ഷിക്കല്‍ തുടങ്ങി സൗകര്യങ്ങളും സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്. സുപ്രീം കമ്മിറ്റി പ്രോജക്ട്‌സ് ഉപദേഷ്ടാവ് ഓസ്‌കാര്‍ ലിബാനായുടെ നേതത്വത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

Tags:    

Similar News