ഹജ്ജ് തീര്‍ത്ഥാടകരുടെ ആരോഗ്യകാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തി ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതികള്‍

ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ മികച്ച ആരോഗ്യ പ്രവര്‍ത്തനമാണ് നടത്തുന്നത്

Update: 2018-08-02 02:57 GMT
Advertising

സൗദിയില്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ ആരോഗ്യകാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തിയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതികള്‍. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ മികച്ച ആരോഗ്യ പ്രവര്‍ത്തനമാണ് നടത്തുന്നത്. രോഗികള്‍ക്കും വയോധികര്‍ക്കുമായി തമ്പുകള്‍ക്ക് സമീപം ഇലക്ട്രിക്ക് എസ്കലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധി രോഗങ്ങളോ മറ്റു ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്നും തീര്‍ത്ഥാടകരുടെ ആരോഗ്യകാര്യങ്ങളില്‍ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്നും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തീര്‍ത്ഥാടകരുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന കൊടുത്തു കൊണ്ടുള്ള പ്രതിരോധപ്രവര്‍നങ്ങളും നടന്നു വരുന്നതായി മന്ത്രാലയം അറിയിച്ചു. ആഗോളാടിസ്ഥാനത്തില്‍ സംഭവിക്കുന്ന ആരോഗ്യ സാഹചര്യങ്ങളിലെ മാറ്റങ്ങളും പുരോഗതിയും പഠനവിധേയമാക്കി കൊണ്ട് ലോകാര്യോഗ്യ സംഘടനയുടേയും അന്തർദേശീയ ആരോഗ്യ സംഘടനകളുടേയും സഹകരണങ്ങളോടെയാണ് മന്ത്രാലയം മുന്നോട്ട് പോകുന്നത്. ഹൃദ്രോഗികളായ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം നല്കി വരുന്നു.

ആവശ്യത്തിനുള്ള മരുന്നുകളും മെഡിക്കല്‍ കാര്‍ഡും കൈവശം വയ്ക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. പ്രായാധിക്യം കൊണ്ട് പ്രയാസമനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കുമായി മിനയിലെ തമ്പുകള്‍ക്ക് സമീപം ഇലക്ട്രിക്ക് എസ്കലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആഭ്യന്തര ഹജ്ജ് സര്‍വ്വീസ് ഏകോപനസമിതി 30 ലക്ഷം റിയാല്‍ ചെലവഴിച്ച് പതിനെട്ടോളം ഇലക്ട്രിക്ക് എസ്കലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സമിതി വക്താവ് മുഹമ്മദ് സഅദ് അല്‍ ഖുറൈശി പറഞ്ഞു. തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തുന്നതിനു മുന്‍പായി ടെന്റുകളുടെ അവസാന ഘട്ട ജോലികളും തീര്‍ക്കുകയാണിപ്പോള്‍. വനിതാ തീര്‍ത്ഥാടകരുടെ തമ്പുകളിലുണ്ടാകുന്ന ഇലക്ട്രിക്-പ്ലംബിംഗ് തകരാറുകള്‍ പരിഹരിക്കുന്നതിന് ഈ വര്‍ഷം സൗദി വനിതകളുമുണ്ടാകും. ഇതിനായി മക്ക ചേംബര്‍ ഓഫ് കൊമേഴ്സ് സൗദി വനിതകള്‍ക്ക് പരിശീലനം നല്‍കി തുടങ്ങി.

Tags:    

Similar News