ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍

ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ പിഴ ആറായിരം റിയാല്‍; ലംഘനങ്ങൾ ആവര്‍ത്തിച്ചാല്‍ ലൈസന്സ് റദ്ദാക്കാനും തീരുമാനം...

Update: 2018-08-06 01:56 GMT
Advertising

ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടികളുമായി ഖത്തര്‍ ഗതാഗത വകുപ്പ്. ട്രാഫികിലെ ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ 6000 റിയാല്‍ പിഴ ഈടാക്കും. ലംഘനങ്ങള്‍ കൂടുന്ന മുറയ്ക്ക് ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനമുണ്ട്.

Full View

ഗതാഗത വകുപ്പിന്റെ അപകടരഹിത വേനല്‍ക്കാലം കാന്പയിനിന്റെ ഭാഗമായാണ് പുതിയ ഉത്തരവുകള്‍. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ട്രാഫിക് പോയിന്റിലെ ചുവപ്പ് സിഗ്നല്‍ മറികടക്കുന്നവരില്‍ നിന്ന് 6000 റിയാല്‍ പിഴ ഈടാക്കും. ഇതിന് പുറമെ മുന്നറിയിപ്പായി ഏഴ് പോയിന്റും ലഭിക്കും. ഇത്തരം പോയിന്റ് കൂടുന്നതിനനുസരിച്ച് ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളും വരും.

ചുവപ്പ് സിഗ്നല്‍ തെളിഞ്ഞു കിടക്കുന്പോള്‍ വാഹനം ഓടിച്ചു പോകുന്നത് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചത്. കാല്‍നടക്കാരുടെയും വാഹനത്തിലുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് ജനറല്‍ ഡയറക്ട്രേറ്റ് അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച് വകുപ്പിന്റെ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിവര ബോധവല്‍കരണ വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഥി അല്‍ ഹജ്രി സംസാരിച്ചു.

Tags:    

Similar News