ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മറ്റിയെ പിരിച്ചു വിട്ടു; ഭരണകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയമാണ് കമ്മിറ്റിയെ പിരിച്ചു വിട്ട് ഉത്തരവിറക്കിയത്
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മറ്റിയെ പിരിച്ചു വിട്ടതോടെ ഭരണകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയമാണ് കമ്മിറ്റിയെ പിരിച്ചു വിട്ട് ഉത്തരവിറക്കിയത്. സ്‌കൂൾ പ്രിൻസിപ്പൽ സൈദ് മസൂദ് അഹമ്മദിനെ തൽസ്ഥാനത്തു നിന്നും നീക്കുകയും ചെയ്തിരുന്നു.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ നിലവിലെ തിരഞ്ഞെടുക്കപ്പെട്ട 5 അംഗ മാനേജിങ് കമ്മറ്റിയെയാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിട്ടിരിക്കുന്നത്. മന്ത്രാലയത്തിൽ നിന്നും സ്‌കൂളിനു ലഭിച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ സൈദ് മസൂദ് അഹമ്മദിനെ തൽസ്ഥാനത്തു നിന്നും നീക്കിയിട്ടുമുണ്ട്. സ്‌കൂൾ മാനേജിങ് കമ്മറ്റിയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിയിരിക്കെയാണ് പുതിയ നടപടി. മലയാളിയായ അഡ്വ. ഷംസുദ്ദീൻ ആയിരുന്നു മാനേജിങ് കമ്മറ്റി ചെയർമാൻ. സ്‌കൂൾ പ്രിൻസിപ്പലിനെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടു മാനേജിങ് കമ്മറ്റിയും ഹയർ ബോർഡും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. പ്രിൻസിപ്പൽ അടുത്ത വർഷം മാർച്ചോടെ വിരമിക്കാനിരിക്കുകയായിരുന്നു. അതിനു മുമ്പ് കഴിഞ്ഞ മാസം തന്നെ അദ്ദേഹത്തെ പിരിച്ചുവിടണമെന്ന ഹയർ ബോർഡ് നിർദേശം മാനേജിങ് കമ്മറ്റി തള്ളിയിരുന്നു.
നിലവിൽ സ്‌കൂളിന് അവധി ആയതിനാൽ ഇപ്പോൾ പ്രിൻസിപ്പലിനെ മാറ്റുന്നത് പ്രയോഗികമല്ലെന്നായിരുന്നു മാനേജിങ് കമ്മറ്റിയുടെ നിലപാട്. ഹയർ ബോർഡ് തീരുമാനം നടപ്പാക്കത്തിന്റെ പേരിൽ കമ്മറ്റി മുൻ ചെയർമാനായിരുന്ന ഒരംഗം നേരത്തെ രാജിവെച്ചിരുന്നു. ഇതോടെ മാനേജിങ് കമ്മറ്റിയെ തന്നെ പിരിച്ചുവിടാൻ ഹയർ ബോർഡ് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. കമ്മറ്റി പിരിച്ചുവിട്ടതോടെ സ്‌കൂൾ ഭരണകാര്യങ്ങൾ ഇനി എങ്ങിനെ മുന്നോട്ട് പോവുമെന്ന കാര്യത്തിലും പുതിയ പ്രിൻസിപ്പൽ നിയമന കാര്യത്തിലുമുള്ള തീരുമാനം വരും ദിവസങ്ങളിലേ വ്യക്തമാവൂ.