യു.എ.ഇ പൊതുമാപ്പ്; നോര്‍ക്ക റൂട്ട്സ് രൂപീകരിച്ച സമിതി വിവാദത്തിലേക്ക്
ഗള്‍ഫിലെ സി.പി.എം നേതാക്കളെ മാത്രം ഉള്‍പ്പെടുന്ന സമിതിക്കെതിരെ വിവിധ കോണില്‍ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്
യു.എ.ഇയിലെ പൊതുമാപ്പില്‍ പ്രവാസികളെ സഹായിക്കാനെന്ന പേരില്‍ നോര്‍ക്ക റൂട്ട്സ് രൂപീകരിച്ച സമിതി വിവാദത്തിലേക്ക്. ഗള്‍ഫിലെ സി.പി.എം നേതാക്കളെ മാത്രം ഉള്‍പ്പെടുന്ന സമിതിക്കെതിരെ വിവിധ കോണില്‍ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്.
കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്റെ നേതൃത്വത്തില്‍ നാലു പേരടങ്ങുന്നതാണ് നോര്‍ക്ക റൂട്ട്സിന്റെ പൊതുമാപ്പ് സഹായ സമിതി. യു.എ.ഇയിലെ അറിയപ്പെടുന്ന സി.പി.എം അനുഭാവികളായ കെ.ബി മുരളി, മുഹമ്മദ് ഫയാസ്, ബിജു സോമന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഉള്‍പ്പെടെ യു.എ.ഇയിലെ അംഗീകൃത ഇന്ത്യന്‍ സംഘടനകളെ പാടെ ഒഴിവാക്കി സി.പി.എം പ്രവര്‍ത്തകരെ ഈ ചുമതല ഏല്‍പിച്ചത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന ആരോപണം ശക്തമാണ്.
ലോകകേരള സഭയിലെ അംഗങ്ങളാണ് ഇവരെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന ന്യായം. എന്നാല്‍, നാലുപേരില്‍ രണ്ടുപേര്‍ക്ക് മാത്രമേ ലോകകേരളസഭയുമായി ബന്ധമുള്ളു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുമാപ്പിന്റെ മറവില്‍ പോലും സംസ്ഥാനസര്‍ക്കാര്‍ സങ്കുചിത രാഷ്ട്രീയം കളിക്കുന്നതിന്റെ തെളിവാണ് ഈ സമിതിയെന്ന ആരോപണവും ശക്തമാണ്.