പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ യു.എ.ഇ രംഗത്ത്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ ദേശീയ അടിയന്തര സമിതിക്ക് രൂപം നല്‍കി

Update: 2018-08-18 02:38 GMT
Advertising

പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ ഗള്‍ഫ് രാജ്യമായ യു.എ.ഇ രംഗത്ത്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ ദേശീയ അടിയന്തര സമിതിക്ക് രൂപം നല്‍കി. കേരളത്തെ സഹായിക്കാന്‍ യു.എ.ഇ രാഷ്ട്രനേതാക്കള്‍ രാജ്യനിവാസികളോട് ആഹ്വാനം ചെയ്തു.

Full View

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍നഹ്‍യാന്റെ നിര്‍ദ്ദേശപ്രകാരമാണ് എമിറേറ്റ്സ് റെഡ്ക്രസന്റിന്റെ നേതൃത്വത്തില്‍ അടിയന്തര സമിതിക്ക് രൂപം നല്‍കിയത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ട്വിറ്ററില്‍ അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇതിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചു. യു.എ. ഇയുടെ വിജയത്തിന് എക്കാലവും ഒപ്പം നിന്നവരാണ് കേരള ജനത. നൂറ്റാണ്ടിലെ ഏറ്റവും കടുത്തപ്രളയത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ഈ ബലി പെരുന്നാള്‍ വേളയില്‍ അവരെ സഹായിക്കാന്‍ നമുക്ക് പ്രത്യേക ഉത്തവാദിത്തമുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

വിവിധ സന്നദ്ധസംഘടനകള്‍ കൂടി ഉള്‍പ്പെടുന്ന സമിതി യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കൂടി പിന്തുണയോടൊണ് സഹായം ശേഖരിച്ച് എത്തിക്കുക. ഇതിലേക്ക് ഉദാരമായി സംഭാവന ചെയ്യാനും ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ യു.എ. ഇ നിവാസികളോട് ആഹ്വാനം ചെയ്തും. യു.എ.ഇ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവര്‍ക്കൊപ്പം ഉപസര്‍വസൈന്യാധിപന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദും കേരളത്തിലെ പ്രളയ കെടുതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുഃഖം അറിയിച്ചു.

Tags:    

Similar News