കേരളത്തിന് കൈത്താങ്ങായി അല്‍മദീന ഗ്രൂപ്പും
സംസ്ഥാനത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് അല്‍മദീന ഗ്രൂപ്പ് മാനേജ്മെന്റ് ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര റീട്ടെയില്‍ ഗ്രൂപ്പായ അല്‍മദീന ഗ്രൂപ്പ് രംഗത്തെത്തി. സംസ്ഥാനത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് അല്‍മദീന ഗ്രൂപ്പ് മാനേജ്മെന്റ് ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റ് - ഹൈപ്പര്‍മാര്‍ക്കറ്റ്, ക്ലിക്കോണ്‍, ടെക്കോര്‍ബിറ്റ്, അല്‍ഹിന്ദ് ജുവല്ലറി, ഒയാസിസ് ക്യുസിന്‍സ് ബേക്കറി, അല്‍മദീന പ്രിന്റിംഗ് പ്രസ്സ് എന്നീ വിവിധ ഡിവിഷനുകളിലെ ജീവനക്കാരെല്ലാം ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നീക്കി വെച്ചു. ഇതുകൂടാതെ മാനേജ്മെന്റും വലിയൊരു തുക കേരളത്തിന്റെ ദുരിതമകറ്റാന്‍ സംഭാവനയായി നല്‍കും.
ഇങ്ങനെ സ്വരൂപിക്കുന്നതില്‍നിന്ന് അര കോടി രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നല്‍കും. അര കോടി രൂപ മറ്റ് സന്നദ്ധ സംഘടനകള്‍ മുഖേനയും നേരിട്ടും വിവിധ ക്യാമ്പുകളില്‍ എത്തിക്കുമെന്ന്
അല്‍മദീന ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടര്‍ അബ്ദുല്ല പൊയില്‍ പറഞ്ഞു.
കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലും അൽമദീന ഗ്രൂപ്പിന്റെ പിന്തുണ ഉണ്ടാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടര്‍ അബ്ദുല്ല പൊയിലിനു പുറമെ മാനേജ്‌മെന്റ് പ്രധിനിധികളായ അസ്‌ലം പൊയില്‍, അയ്യൂബ് ചെറുവത്ത്, ഹാരിസ്, ഫാസില്‍മൂസ, മുഹമ്മദലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.