‘ഗൾഫ് സഹായങ്ങൾക്കെതിരെ മുഖം തിരിക്കുന്നത് പ്രതിഷേധാർഹം’

സഹായം സ്വീകരിക്കാൻ ഇന്ത്യ ഒരുക്കമല്ല എന്ന നിലക്കുള്ള പ്രചാരണം യു.എ.ഇയിലെ മാധ്യമങ്ങളും പ്രാധാന്യപൂർവമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്

Update: 2018-08-26 02:06 GMT
Advertising

കേരളത്തിലെ ദുരിതബാധിതരെ തുണക്കാനുള്ള ഗൾഫ് രാജ്യങ്ങളുടെ നീക്കത്തെ ആദരിക്കണമെന്ന ആവശ്യവുമായി പ്രവാസികൾ. രാഷ്ട്രീയ ദുഷ്ടലാക്കിൻ്റെ പുറത്ത് ഇത്തരം നല്ല നീക്കങ്ങളെ വിവാദമാക്കി മാറ്റുന്നത്
ഏറെ ദോഷം ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

വിവാദങ്ങളൊന്നും വകവെക്കാതെ ഏറ്റെടുത്ത ദൗത്യവുമായി യു.എ.ഇ മുന്നോട്ടു പോവുകയാണ്. ശൈഖ് ഖലീഫാ ഫൗണ്ടേഷനു പുറമെ യു.എ.ഇ റെഡ് ക്രസൻറ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികളും വിഭവ സമാഹരണ രംഗത്ത് ഏറെ മുന്നോട്ടു പോയിരിക്കുന്നു. അതേ സമയം സഹായം സ്വീകരിക്കാൻ ഇന്ത്യ ഒരുക്കമല്ല എന്ന നിലക്കുള്ള പ്രചാരണം യു.എ.ഇയിലെ മാധ്യമങ്ങളും പ്രാധാന്യപൂർവമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. എന്നാൽ തങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യൻ നേതൃത്വവുമായി യു.എ.ഇ ആശയവിനിമയം തുടരുകയാണ്. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം ലഭിച്ചാൽ അനുകൂല നടപടികൾ കൈക്കൊള്ളാനാണ് യു.എ.ഇ ആലോചിക്കുന്നത്.

യു.എ.ഇ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച ജനത എന്ന നിലക്ക്
മലയാളികളോടുള്ള കടപ്പാട് പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ്
യു.എ.ഇയുടെ സഹായ പ്രഖ്യാപനം ഉണ്ടായത്. അതിനെ സാങ്കേതിക വാദങ്ങൾ ഉന്നയിച്ച് തടയുന്നതിനെതിരെ പ്രവാസലോകം ഒന്നാകെ കടുത്ത പ്രതിഷേധത്തിലാണ്.

കേരളത്തിന്റെ പുനർ നിർമിതിക്കു വേണ്ടി സർക്കാറിന്‍റെ പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രവാസലോകത്തെ എണ്ണമറ്റ സംഘടനകളും കേന്ദ്രം നിലപാട്
തിരുത്തും എന്ന പ്രതീക്ഷയിലാണ്.

Tags:    

Similar News