പ്രളയക്കെടുതിയെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രവാസമണ്ണിൽ നിന്ന് വേറിട്ട ഐക്യദാർഢ്യം
ഹബീബ് തയ്യിൽ പ്രളയ കെടുതിയുടെ രൂക്ഷത വെളിവാക്കുന്ന ചിത്രങ്ങളും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണമെന്ന അഭ്യർഥനയും സ്വന്തം വാഹനത്തില്‍ പതിച്ചാണ് വ്യത്യസ്തനാകുന്നത്
മഹാ പ്രളയം വിതച്ച കെടുതികളെ അതിജയിച്ച് നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പ്രവാസമണ്ണിൽ നിന്ന് വേറിട്ട ഐക്യദാർഢ്യം. മസ്കത്തിലെ ബിസിനസുകാരനും ലോക കേരള സഭാ അംഗവുമായ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് തയ്യിൽ പ്രളയ കെടുതിയുടെ രൂക്ഷത വെളിവാക്കുന്ന ചിത്രങ്ങളും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണമെന്ന അഭ്യർഥനയും സ്വന്തം വാഹനത്തില്‍ പതിച്ചാണ് വ്യത്യസ്തനാകുന്നത്.
ദേശീയ ദിനമടക്കം രാജ്യത്തിന്റെ ആഘോഷവേളകളിൽ മാത്രമാണ് ഒമാനിൽ കാറുകളിൽ അലങ്കാര പണികൾ നടത്തുന്നതിന് പൊലിസ് അനുമതി നൽകാറുള്ളൂ. പ്രത്യേക അനുമതി സ്വന്തമാക്കിയാണ് ഹബീബ് തന്റെ വാഹനം പുതിയ രൂപത്തിലേക്ക് മാറ്റിയത്. ഇന്ത്യൻ എംബസിയിൽ നിന്നുള്ള സമ്മതപത്രവും ആർ.ഒ.പി, മുനിസിപ്പാലിറ്റി എന്നിവയുടെ അനുമതി പത്രങ്ങളും വേണ്ടിവന്നു. കേരളത്തിന്റെ അതിജീവന ശ്രമങ്ങൾക്ക് തന്നാൽ കഴിയുന്ന പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് വാഹനത്തിൽ സ്റ്റിക്കറുകൾ പതിച്ചതെന്ന് ഹബീബ് പറയുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് റോഡിലിറക്കിയ വാഹനം എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നുണ്ട്. വാഹനം നിർത്തിയിടുമ്പോൾ സ്വദേശികളടക്കം വന്ന് കുശലാന്വേഷണങ്ങൾ നടത്തുന്നുണ്ട്. ഇനിയുള്ള യാത്രകളിൽ കൂടുതലും ഈ വാഹനത്തിൽ ആക്കാനാണ് പദ്ധതിയെന്നും ഹബീബ് പറഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് ഹബീബ് സജീവ സാന്നിധ്യമാണ്.