അബൂദബിയെ മികച്ച മെഡിക്കൽ ടൂറിസം കേന്ദ്രമാക്കാൻ പദ്ധതികള്‍

ലാൻഡ്​ മാർക്കുകൾ ഉപയോഗപ്പെടുത്തിയുള്ള മാർക്കറ്റിങ്ങിലൂടെ അബൂദബിക്ക്​ കൂടുതൽ മെഡിക്കൽ ടൂറിസ്​റ്റുകളെ 

Update: 2018-10-09 17:39 GMT
Advertising

അബൂദബിയെ മികച്ച മെഡിക്കൽ ടൂറിസം കേന്ദ്രമാക്കാൻ വിപുലമായ പദ്ധതി. മികച്ച ഡോക്​ടർമാരെ നിയമിക്കാനും നിരവധി സ്​പെഷലിസ്​റ്റ്​ സേവനങ്ങൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ലോകത്തി​ന്‍റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ജനങ്ങളെ അബൂദബിയിൽ ചികിത്സ തേടാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ സാധിക്കുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ.

അബൂദബി സാംസ്​കാരിക വിനോദസഞ്ചാര വകുപ്പ്​ മെഡിക്കൽ ടൂറിസം അസോസിയേഷനുമായി ഇതു സംബന്​ധിച്ച കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം ചൈന, റഷ്യ, മിന മേഖലയിലെ മറ്റു രാജ്യങ്ങൾ തുടങ്ങി പ്രധാന വിപണി ലക്ഷ്യമാക്കിയായിരിക്കും അസോസിയേഷൻ പ്രവർത്തിക്കുക.

കഴിഞ്ഞ വർഷം റഷ്യൻ സന്ദർശകരുടെ എണ്ണത്തിൽ 91 ശതമാനവും ചൈനീസ്​ സന്ദർശകരുടെ എണ്ണത്തിൽ 61 ശതമാനവും വർധനയുണ്ടായിട്ടുണ്ട്​. ഇരു രാജ്യക്കാർക്കും യു.എ.ഇയിലേക്ക്​ ഓണ്‍ അറൈവൽ വിസ അനുവദിച്ചതിന്​ ശേഷമാണ്​ ഈ വർധന.

അബൂദബിയെ മെഡിക്കൽ ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതിയിൽ സർക്കാർ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തുമെന്ന്​ ഡി.സി.ടി അബൂദബി അണ്ടർ സെക്രട്ടറി സെയ്​ഫ്​ സഈദ്​ ഗോബാഷ്​ പറഞ്ഞു.

ചികിത്സക്കു വേണ്ടി അബൂദബിയിലേക്ക്​ വരുന്നവരെ പ്രത്യേക യാത്രക്കാരായി കണക്കാക്കുകയും സന്ദർശനത്തിന്‍റെ ഓരോ ഘട്ടത്തിലും അവർക്ക്​ മികച്ച പരിഗണന ലഭ്യമാക്കുകയും ചെയ്യും.

ലാൻഡ്​ മാർക്കുകൾ ഉപയോഗപ്പെടുത്തിയുള്ള മാർക്കറ്റിങ്ങിലൂടെ അബൂദബിക്ക്​ കൂടുതൽ മെഡിക്കൽ ടൂറിസ്​റ്റുകള്‍ ലഭ്യമാകുമെന്ന്​ എം.ടി.എ ചെയർമാനും ചീഫ്​ എക്​സിക്യൂട്ടീവുമായ ജൊനാഥൻ ഈഡലീറ്റ്​ പറഞ്ഞു. അബൂദബിയിലെ ആരോഗ്യ പരിചരണത്തി​ന്‍റെ ഗുണമേന്മ ഉയർത്തിക്കാട്ടുന്നതിന്​ ഹോസ്​പിറ്റൽ ടൂറുകൾ സംഘടിപ്പിക്കും.

Tags:    

Similar News