ഊർജ മേഖലയിൽ ഇന്ത്യയുമായി വൻ പദ്ധതികൾ നടപ്പിലാക്കാൻ യു.എ.ഇയും സൗദിയും

ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യം ഇന്ത്യയായതിനാല്‍ വലിയ ഗുണം ചെയ്യുന്നതാണ് കരാറുകള്‍.

Update: 2018-11-16 17:40 GMT
Advertising

ഊർജ മേഖലയിൽ ഇന്ത്യ ഉൾപ്പെടെയുള്ള സഖ്യ രാഷ്ട്രങ്ങളുമായി ചേർന്ന് വൻ പദ്ധതികൾ നടപ്പാക്കാൻ യു.എ.ഇയും സൗദിയും തീരുമാനിച്ചു. അബൂദാബി രാജ്യാന്തര പെട്രോളിയം പ്രദര്‍ശന സമ്മേളനത്തില്‍ ഇതു സംബന്ധിച്ച കരാറുകള്‍ ഒപ്പു വെച്ചു. ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യം ഇന്ത്യയായതിനാല്‍ വലിയ ഗുണം ചെയ്യുന്നതാണ് കരാറുകള്‍. ‌

ഇന്ത്യക്കും ഗൾഫിനും നേട്ടമുണ്ടാക്കാവുന്ന കോടികളുടെ കരാറുകളാണ് നാലു ദിവസം നീണ്ട അബുദാബി രാജ്യാന്തര പെട്രോളിയം പ്രദർശന സമ്മേളനത്തിൽ ഒപ്പുവച്ചത്. ഊർജ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും സമ്മേളനം ചർച്ച ചെയ്തു.

ഇന്ത്യയിൽ യു.എ.ഇയുടെ എണ്ണ ശേഖരം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനവും സമ്മേളനം കൈക്കൊണ്ടു. കർണാടകയിലെ പാഡൂരിലുള്ള ഭൂഗർഭ സംഭരണ കേന്ദ്രത്തിൽ 1.7 കോടി ബാരൽ എണ്ണ സംഭരിക്കാനുള്ള കരാറാണ് ഒപ്പിട്ടത്. വിപണിയിലെ ആവശ്യം മനസ്സിലാക്കി എണ്ണ ഉൽപാദനം കൂട്ടാനും കുറയ്ക്കാനും ഒരുക്കമാണെന്നും സൗദിയും യു.എ.ഇയും സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ നാലു ദിവസവും സമ്മേളനത്തിൽ പങ്കെടുത്തു.

സംഭരണ, പെട്രോകെമിക്കൽ മേഖലയിൽ മുബാദല ഇൻവെസ്റ്റ് കമ്പനിയുമായും ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡുമായും അഡ്നോക് കരാറൊപ്പിട്ടു. മറ്റു ഗൾഫ് രാജ്യങ്ങളിലെ എണ്ണ കമ്പനികളുമായും തന്ത്രപ്രധാന ബന്ധം രൂപപ്പെടുത്താനും ഇന്ത്യ നീക്കമാരംഭിച്ചിട്ടുണ്ട്.

Tags:    

Similar News