ഇന്ത്യ-പാകിസ്ഥാന്‍ വിദേശകാര്യ വക്തക്കള്‍ അബുദാബിയിൽ കൂടിക്കാഴ്ച നടത്തും
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇരു വിദേശകാര്യ മന്ത്രിമാരും തമ്മിൽ നടത്തുന്ന ചർച്ചയിലൂടെ വഴിയൊരുങ്ങും എന്നാണ് പ്രതീക്ഷ.
ഇന്ത്യൻ വിദേശ കാര്യമന്ത്രി ഡോ.എസ് ജയശങ്കറും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേശിയും അബുദാബിയിൽ കൂടിക്കാഴ്ച നടത്തും. യു.എ.ഇ സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് ഇരുവരും എത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇരു വിദേശകാര്യ മന്ത്രിമാരും തമ്മിൽ നടത്തുന്ന ചർച്ചയിലൂടെ വഴിയൊരുങ്ങും എന്നാണ് പ്രതീക്ഷ. രണ്ടു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിലെ കൂടിക്കാഴ്ച അബൂദബിയിൽ നടക്കുമെന്ന് യു.എ.ഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വെളിപ്പെടുത്തി. എന്നാൽ കൃത്യമായ സമയം അറിവായിട്ടില്ല.
യു.എ.ഇയുടെ ക്ഷണം സ്വീകരിച്ചാണ് ഇരു വിദേശകാര്യ മന്ത്രിമാരുടെയും യു.എ.ഇ സന്ദർശനം. സാമ്പത്തിക വികസനം, സാമൂഹിക ക്ഷേമം എന്നിവയിലൂന്നിയായിരിക്കും ഇരുമന്ത്രിമാരും സംസാരിക്കുകയെന്നാണ് വിവരം. ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുമെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കയിലെ യു.എ.ഇ സ്ഥാനപതി യൂസഫ് അൽ ഉതൈബ പ്രഖ്യാപിച്ചത്. പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തണമെന്നാണ് യു.എ.ഇ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ സമയം ഇരു വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇന്ത്യയും പാകിസ്താനും വിസമ്മതിക്കുകയാണ്.