ബഹ്റൈന്‍ യാത്രക്ക് കോവിഡ് സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡ് പ്രവർത്തനക്ഷമമാക്കണമെന്ന് എംബസി
യാത്രക്കാർ നാട്ടിൽനിന്ന് തന്നെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് നിശ്ചിത രൂപത്തിലാണെന്ന് ഉറപ്പാക്കണം
ബഹ്റൈനിലേക്കുള്ള യാത്രക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിലെ ക്യു.ആർ കോഡ് പ്രവർത്തനക്ഷമമായിരിക്കണമെന്ന് ഇന്ത്യൻ എംബസി അധിക്യതർ. ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ നിശ്ചിത രൂപത്തിൽ റിസള്‍ട്ട് ലഭിക്കാത്തതിനാൽ ചില യാത്രക്കാർക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ പ്രശ്നം നേരിട്ടതിനെ തുടർന്നാണ് അറിയിപ്പ്.
ബഹ്റൈനിലേക്കുള്ള യാത്രക്കാർ യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കുറിനുള്ളിൽ ഐ.സി.എം.ആർ അംഗീകൃത ലാബിൽ നടത്തിയ കോവിഡ് ടെസ്റ്റിന്‍റെ റിസൽട്ടാണ് ബഹ്റൈൻ വിമാനത്താവളത്തിൽ ഹാജരാക്കേണ്ടത്. ആറു വയസ്സും അതിന് താഴെയുമുള്ള കുട്ടികൾ ഒഴികെ എല്ലാ യാത്രക്കാർക്കും ഈ നിബന്ധന ബാധകമാണ്. എന്നാൽ, ചില യാത്രക്കാരുടെ സർട്ടിഫിക്കറ്റിലെ കോഡ് ബഹ്റൈൻ എമിഗ്രേഷനിൽ സ്കാൻ ചെയ്തപ്പോൾ പേരും മറ്റ് വിവരങ്ങളും നിശ്ചിത രൂപത്തിലല്ല ലഭിച്ചത്.
ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പി.ഡി.എഫ് രൂപത്തിൽ ലഭിക്കാത്തതാണ് പ്രശ്നമായത്. . ഇതേത്തുടർന്ന് കൊച്ചിയിൽനിന്ന് ചാർേട്ടഡ് വിമാനത്തിൽ എത്തിയ യാത്രക്കാരിൽ ചിലർക്കാണ് പ്രശ്നം നേരിട്ടത്. ഇവർക്ക് ഇക്കാരണത്താൽ മണിക്കൂറുകളോളം വിമാനമാനത്താവളത്തിൽ കഴിയേണ്ടിവന്നു. വ്യാഴാഴ്ച ഡൽഹിയിൽ നിന്ന് വന്ന ഗൾഫ് എയർ വിമാനത്തിലെ ഏഴു യാത്രക്കാർക്കും സമാന പ്രശ്നം നേരിടേണ്ടിവന്നു. ഒടുവിൽ നാട്ടിലെ ലബോറട്ടറിയിൽ ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടശേഷമാണ് ഇവർക്ക് പുറത്തിറങ്ങാനായത്.
യാത്രക്കാർ നാട്ടിൽനിന്ന് തന്നെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് നിശ്ചിത രൂപത്തിലാണെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. മൊബൈൽ ഫോണിൽ ക്യൂ.ആർ കോഡ് സ്കാനർ ആപ് ഇൻസ്റ്റാൾ ചെയ്ത് സർട്ടിഫിക്കറ്റ് നിശ്ചിത രൂപത്തിലല്ലെങ്കിൽ ലാബുമായി ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും അധിക്യതർ വ്യക്തമാക്കി.