ഹജ്ജ് തീർഥാടകർക്കുള്ള സേവനം: ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു
മെഡിക്കൽ രംഗത്തുള്ളവർക്ക് സേവനത്തിന് അപേക്ഷിക്കാം
സൗദിയിലെ ആരോഗ്യ രംഗത്തുള്ളവർക്ക് ഹജ്ജ് സേവനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. തിരഞ്ഞെടുത്ത മെഡിക്കൽ പ്രൊഫഷനിലുള്ളവർക്കാണ് സേവനത്തിന് അവസരമുണ്ടാകുക. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ് സേവന വിഭാഗമാണ് രജിസ്ട്രേഷന് നിർദേശം നൽകിയത്.
സേവനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ മന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടലിൽ മുൻകൂട്ടി പേർ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഡോക്ടർമാർ, തീവ്രപരിചരണ വിഭാഗം ജീവനക്കാർ, നഴ്സിങ് സ്റ്റാഫുകൾ, സ്പെഷലിസ്റ്റ് കാറ്റഗറിയിലുള്ള ജീവനക്കാർ, മെഡിക്കൽ ടെക്നീഷ്യന്മാർ എന്നിവർക്കാണ് സേവനത്തിന് അസരമുണ്ടാകുക. രജിസ്ട്രേഷൻ ചെയ്യുന്നവർ സൗദി മെഡിക്കൽ കമ്മീഷനിൽനിന്നുള്ള പ്രൊഫഷനും തൊഴിൽ പരിചയവും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒപ്പം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള വാക്സിനേഷൻ നിബന്ധനകളും പൂർത്തിയാക്കിയിരിക്കണം.
രജിസ്റ്റർ ചെയ്യുന്നവരെ താൽക്കാലിക കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. അതിനിടെ, രാജ്യത്ത് ഇതിനകം ഹജ്ജിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇത്തവണത്തെ ഹജ്ജ് തീർഥാടനത്തിൽ എത്രപേരെ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.