യുഎഇ യാത്രാവിലക്ക് നീളുന്നു; ബദൽമാർഗങ്ങൾ തേടി പ്രവാസികൾ

പലയിടത്തും പ്രായോഗിക പ്രശ്‌നങ്ങൾ

Update: 2021-05-01 03:07 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യയിൽനിന്നുള്ളവർക്ക് യുഎഇ യാത്രാവിലക്ക് നീട്ടിയതോടെ ബദൽമാർഗങ്ങൾ തേടുകയാണ് പ്രവാസികൾ. കോവിഡ് രൂക്ഷമല്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം അവിടെനിന്ന് നേരിട്ട് യുഎഇയിലേക്ക് വരാം. പക്ഷെ, അതിനും പ്രായോഗിക തടസങ്ങൾ നിലനിൽക്കുന്നതാണ് പ്രവാസികളെ കുഴക്കുന്നത്.

ആയിരക്കണിക്കിന് പേരാണ് വിലക്ക് നീട്ടിയതോടെ നാട്ടിൽ കുടുങ്ങിയത്. പുതുതായി കിട്ടിയ ജോലിയും ഉള്ള ജോലിയും പോകാതിരിക്കാൻ യുഎഇയിൽ എത്തേണ്ടവരാണ് ബദൽമാർഗങ്ങൾ തേടുന്നത്. ഇന്ത്യക്കാർക്ക് നേരിട്ട് വരാൻ ഇപ്പോൾ വിലക്കില്ലാത്ത ബഹ്‌റൈൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് യുഎഇയിലേക്ക് വരാം. പക്ഷെ, ബഹ്‌റൈനിലേക്ക് വിസ കിട്ടുന്നില്ല എന്നതാണ് പുതിയ വെല്ലുവിളി.

ഖത്തർ അടുത്ത ദിവസങ്ങളിൽ ഇന്ത്യക്കാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെങ്കിലും അതൊരു വഴിയാണ്. നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക സാധ്യതകൾ ഇപ്പോൾ അടഞ്ഞിരിക്കുകയാണ്. പിന്നെയൊരു സാധ്യതയുള്ളത് ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ കിട്ടുന്ന ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളാണ്. അവിടേക്ക് കേരളത്തിൽനിന്ന് പോകുന്നതാണ് ഇപ്പോഴൊരു പ്രശ്‌നം.

ഇന്ത്യയിൽനിന്നുള്ള പ്രൈവറ്റ് ജെറ്റുകൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്കിൽ കുറച്ചുപേർ ചേർന്ന് ചെറിയ വിമാനങ്ങൾ ചാർട്ടർ ചെയ്ത് വരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പക്ഷെ, യാത്രക്കാർ ഒരേ കുടുംബത്തിലുള്ളവരോ ഒരു സ്ഥാപനത്തിലുള്ളവരോ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. ഒരു ബദൽമാർഗവും തുറക്കുന്നില്ലെങ്കിൽ ഇന്ത്യയിലെ കോവിഡ് സ്ഥിതി മെച്ചപ്പെടുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയാകും ഒരേയൊരു വഴി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News