പ്രവാസികളുടെ പ്രശ്നങ്ങൾ പങ്കുവെച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ യോഗം
കോൺസുൽ ജനറൽ അമൻ പുരിയാണ് ഇന്ത്യൻ സംഘടനകളുടെ യോഗം വിളിച്ചത്
പ്രവാസികളുടെ പ്രശ്നങ്ങൾ പങ്കുവെച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും യോഗം. കോൺസുൽ ജനറൽ അമൻ പുരിയാണ് ഇന്ത്യൻ സംഘടനകളുടെ യോഗം വിളിച്ചത്. ഇന്ത്യൻ പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങൾ മുഖവിലക്കെടുക്കുന്നുവെന്നും അഭിപ്രായങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും പരിഹാരമുണ്ടാകുമെന്നും അമൻ പുരി പറഞ്ഞു.
വിസിറ്റ് വിസയിലുള്ള ഇന്ത്യക്കാർക്ക് വാക്സിനേഷൻ ഏർപെടുത്താൻ ഇടപെടണമെന്ന് യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് പുത്തൂർ റഹ്മാൻ ആവശ്യപ്പെട്ടു. യു.എ.ഇയുടെ ആഭ്യന്തര വിഷയമായതിനാൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും അതിനുള്ളിൽ നിന്ന് ശ്രമങ്ങൾ നടത്താമെന്നും സി.ജി മറുപടി നൽകി.
നാട്ടിൽ നിന്ന് മടങ്ങി വരാൻ കഴിയാതെ കുടുങ്ങിയവരുടെ വിഷയത്തിൽ ഇടപെടണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് ഇ.പി. ജോൺസൺ ആവശ്യപ്പെട്ടു. പലരുടെയും വിസ കാലാവധി കഴിയാറായി. ഇത്തരക്കാരുടെ വിസ ദീർഘിപ്പിക്കാൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. വിസിറ്റ് വിസയിലെത്തിച്ച് തട്ടിപ്പ് നടത്തുന്ന ഏജൻസികളെ നിയന്ത്രിക്കണം, മൃതദേഹം കയറ്റി അയക്കുന്നത് സൗജന്യമാക്കണം തുടങ്ങിയ വിഷയങ്ങൾ സംഘടനകളും സാമൂഹിക പ്രവർത്തകരും ഉന്നയിച്ചു.
നാട്ടിൽ കുടുങ്ങികിടക്കുന്നവരുടെ പ്രശ്നങ്ങൾ അറിയാമെന്നും ഈ വിഷയം യു.എ.ഇ വിദേകാര്യ മന്ത്രാലയത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അമൻ പുരി പറഞ്ഞു. അൻവർ നഹ, നിസാർ തളങ്കര, അഷ്റഫ് താമരശേരി, നസീർ വാടാനപ്പള്ളി, അഡ്വ. വൈ.എ. റഹീം തുടങ്ങിയവരും സന്നിഹിതരായിരുന്നു.