ഒമാനിൽ വിദേശി തൊഴിലാളികൾക്ക് ജൂൺ ഒന്നു മുതൽ പുതിയ വർക്ക് പെർമിറ്റ് ഫീസ്
സ്വകാര്യ മേഖലയിൽ ഒമാനികൾക്ക് കൂടുതൽ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി
ഒമാനിൽ വിദേശി തൊഴിലാളികൾക്ക് ജൂൺ ഒന്നു മുതൽ പുതിയ വർക്ക് പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിൽ ഒമാനികൾക്ക് കൂടുതൽ ജോലി ലഭ്യമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഉയർന്നതും ഇടത്തരം തൊഴിലുകൾക്കും സാങ്കേതികവും സ്പെഷലൈസ്ഡ് ജോലികൾ ചെയ്യുന്നവർക്കുമാണ് പുതിയ ഫീസ്. പുതിയ വർക്ക് പെർമിറ്റ് എടുക്കാനും ബിസിനസ് തുടങ്ങാനും പുതുക്കിയ ഫീസ് ബാധകമായിരിക്കും. ഒമാനി പൗരന്മാർക്ക് കൂടുതൽ ജോലി നൽകുന്നതിന്‍റെ ഭാഗമായി പുതിയ ഫീസ് നിരക്ക് നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ തന്നെ അറിയിച്ചിരുന്നു. പുതുക്കിയ ഫീസ് ഉയർന്ന തൊഴിലുകളിലെ വിസക്ക് 2001റിയാലും ഇടത്തരം തൊഴിലുകളിലേതിന് 1001റിയാലും സാങ്കേതികവും സ്പെഷലൈസ്ഡ് ജോലികൾക്കും 601റിയാലും ആയിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
പുതിയ ഫീസ് നിലവിൽ വരുന്നത് പ്രവാസികൾക്ക് സാമ്പത്തികമായ അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഇത് സൃഷ്ടിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.