സൌദിയില്‍ വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് വാക്‌സിനേഷന്‍ ഇല്ല
സൗദി പൗരന്‍മാര്‍ക്കും താമസരേഖയുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം
വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് വാക്സിൻ നൽകില്ലെന്ന് സൗദി. സൗദി പൗരന്‍മാര്‍ക്കും രാജ്യത്ത് താമസ വിസയുള്ളവര്‍ക്കും മാത്രമാണ് വാക്‌സിന്‍ അനുവദിക്കുകയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ വിസിറ്റ് വിസയില്‍ കഴിയുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ദീര്‍ഘനാളായി ഉന്നയിക്കുന്ന ചോദ്യത്തിനാണ് മന്ത്രാലയം മറുപടി നല്‍കിയത്. രാജ്യത്ത് വിസിറ്റ് വിസയില്‍ കഴിയുന്നവര്‍ക്ക് തല്‍ക്കാലം കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള സൗകര്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. നിലവില്‍ സൗദി പൗരന്‍മാര്‍ക്കും വിദേശികളായ താമസരേഖയിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കി വരുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
മൊബൈല്‍ ആപ്ലിക്കേഷനുകളായ സിഹത്തി, തവക്കല്‍ന എന്നിവ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ അനുവദിച്ചു വരുന്നത്. വ്യക്തികള്‍ അവരുടെ നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങളോ ഇഖാമ വിവരങ്ങളോ നല്‍കിയാണ് ആപ്ലിക്കേഷനുകളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ശേഷം തങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കൂടി നല്‍കുന്നതോടെ വ്യക്തി വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അനുയോജ്യനാണോ എന്നത് കൂടി ആപ്ലിക്കേഷന്‍ വ്യക്തമാക്കും.
നിലവില്‍ രാജ്യത്ത് വാക്‌സിനുകളുടെ ആദ്യ ഡോസാണ് വിതരണം ചെയ്തു വരുന്നത്. പ്രായം കൂടിയവര്‍ക്കും മറ്റു ഗുരുതര അസുഖങ്ങള്‍ക്കിടയാക്കിയേക്കാവുന്ന ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും മാത്രമാണ് രണ്ടാം ഡോസിന് തീയതി നല്‍കി വരുന്നത്.