ഇന്ത്യ- സൗദി വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകിയേക്കും
നിലവിലെ സാഹചര്യത്തിൽ സർവീസുകൾക്കായി കാത്തിരിക്കേണ്ടി വരുമെന്ന് അംബാസിഡർ അറിയിച്ചു
ഇന്ത്യ- സൗദി വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുമെന്ന സൂചന നൽകി ഇന്ത്യൻ അംബാസിഡർ. നിലവിലെ സാഹചര്യത്തിൽ സർവീസുകൾക്കായി കാത്തിരിക്കേണ്ടി വരുമെന്ന് അംബാസിഡർ അറിയിച്ചു. സൗദിയിലേക്ക് വരാനായി ഇന്ത്യയിൽ നിന്നും വാക്സിനെടുക്കുന്നവർ പാസ്പോർട്ട് നമ്പർ രേഖയായി സമർപ്പിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ത്യൻ സമൂഹവുമായി ഓൺലൈനിൽ നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ് വിവരങ്ങൾ പങ്കുവെച്ചത്. സൗദിയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് സൗദിയിലെ വിവിധ മന്ത്രാലയങ്ങളുമായും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും എംബസി ചർച്ച പൂർത്തിയാക്കിയിരുന്നു. കേസുകൾ പെട്ടെന്ന് വർധിച്ചതാണ് ഇന്ത്യ-സൗദി വിമാന വിലക്കിന് കാരണമെന്ന് എംബസി കരുതുന്നു. സ്ഥിതി മെച്ചപ്പെടുന്നതോടെ വിലക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. സൗദിയിലേക്ക് ഇന്ത്യക്കാർക്ക് ഇതര വഴികൾ ഉപയോഗപ്പെടുത്തി വരാമെന്ന് അംബാസിഡർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് വരുന്നവർ കോവിഡ് വാക്സിൻ സ്വീകരിക്കണം. സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിക്കാതെ എത്തുന്നവർ ഒരാഴ്ച ക്വാറന്‍റൈനിലിരിക്കേണ്ടി വരും. ഓക്സ്ഫോർഡ് ആസ്ട്രസെനിക വാക്സിനും കോവിഷീൽഡും ഒന്നാണ്. കോവിഷീൽഡ് വാക്സിനേഷൻ പൂർത്തിയാക്കി വരുന്നവർക്ക് സൗദിയിലേക്ക് പ്രവേശനം ലഭിക്കും. വാക്സിനെടുക്കുന്നവർ പാസ്പോർട്ടാണ് രേഖയായി നാട്ടിൽ നൽകേണ്ടത് . ആധാർ നമ്പർ നൽകിയാൽ സൗദി വിമാനാത്താവളങ്ങളിൽ സാങ്കേതിക തടസ്സമുണ്ടാകും. സൗദിയിൽ അംഗീകാരമില്ലാത്ത കോവാക്സിൻ ഉൾപ്പെടെയുള്ളവ നിലവിൽ എടുത്തു കഴിഞ്ഞവരുണ്ട്. ഇവരുടെ കാര്യം എംബസി സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ എംബസിക്ക് സാധിക്കുന്ന രീതിയിലെല്ലാം ഇടപെടും. 1500 ലേറെ ഇന്ത്യക്കാർ ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഇവരെ പൂർണമായി എത്തിക്കാനും ശ്രമം തുടരുകയാണ്. കോവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമാണ് കോസ്‍വേ വഴി കടത്തി വിടുന്നത്. ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാനായതിന് സൗദി ഭരണകൂടത്തോട് അംബാസിഡർ നന്ദി പ്രകടിപ്പിച്ചു. ഇന്ത്യക്കാർക്കും ഇത്തവണ ഹജ്ജിൽ അവസമുണ്ടാകുമെന്നും വിവരങ്ങൾ ലഭിക്കുന്ന മുറക്ക് അറിയിക്കുമെന്നും അംബാസിഡർ അറിയിച്ചു.