ബഹ്റൈനിൽ ഹോം ക്വാറൻ്റീൻ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ഒരാഴ്ചക്കിടെ നടപടിയെടുത്തത് 153 റസ്റ്റോറൻ്റുകൾക്കെതിരെ

Update: 2021-06-05 02:13 GMT
Advertising

ബഹ്റൈനിൽ ഹോം ക്വാറൻ്റീൻ ചട്ടം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിൻ്റെ പേരിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 153 റസ്റ്റോറൻ്റുകൾക്കും ഒരു കോഫി ഷോപ്പിനുമെതിരെ നടപടി സ്വീകരിച്ചതായും അധിക്യതർ വ്യക്തമാക്കി. രാജ്യത്ത് 1932 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഹോം ക്വാറൻ്റീൻ നിയമങ്ങൾ ലംഘിക്കുന്നവർക്ക് മൂന്ന് മാസം തടവോ ആയിരം മുതൽ പതിനായിരം ദിനാർ വരെ പിഴയോ അടക്കേണ്ടി വരുമെന്ന് പബ്ലിക്ക് സെക്യൂരിറ്റി ഓപ്പറേഷൻസ് ഡയറക്റ്റർ ക്യാപ്റ്റൻ ഹമദ് അൽ ഖയാത്ത് വ്യക്തമാക്കി. ഹോം ക്വാറൻ്റീൻ നിയമം ഏർപ്പെടുത്തിയത് മുതൽ ഇതുവരെയായി നിയമം ലംഘിച 3591 പേർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിൻ്റെ പേരിൽ മെയ് 27 മുതൽ ജൂൺ രണ്ട് വരെയുള്ള കാലയളവിൽ ആയിരത്തി മൂന്ന് സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതായും അധിക്യതർ അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയ 12 വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിതരായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ 83 ശതമാനവും പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഈ മാസം ആദ്യം ബഹ്റൈനിൽ ഐ.സി.യുവിൽ കഴിഞ്ഞിരുന്ന 300 കോവിഡ് രോഗികളിൽ 270 പേരും പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരായിരുന്നു എന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അംഗം ഡോ.മനാഫ് അൽ ഖഹ്താനി വ്യക്തമാക്കി. വിവിധ ചികിത്സാലയങ്ങളിലായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗം പേരും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരുമാണ്.

രാജ്യത്ത് അടിയന്തിരഘട്ടങ്ങളിൽ സോട്രോവിമോബ് മരുന്നുപയോഗിച്ചുള്ള ചികിത്സക്കും അധികൃതർ അനുമതി നൽകി. പുതുതായി കോവിഡ് സ്ഥിരീകരിച്ച 1932 പേരിൽ 839 പേർ പ്രവാസികളാണ്. 2276 പേർ കൂടി രോഗമുക്തരായി. 26,500 പേരാണ് വിവിധ ചികിത്സാലയങ്ങളിൽ കഴിയുന്നത്. ഇവരിൽ 315 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News