ഖത്തറിലെ സ്കൂളുകളില്‍ 97 ശതമാനം കോവിഡ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം
12 വയസ്സ് മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്കും വാക്സിനേഷനുള്ള നടപടികള്‍ ആരംഭിച്ചതോടെ സുരക്ഷിത സാഹചര്യത്തില്‍ സ്കൂളുകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാമെന്നാണ് മന്ത്രാലയത്തിന്‍റെ പ്രതീക്ഷ
ഖത്തറിലെ സ്കൂളുകളില്‍ ഈ മാസാവസാനത്തോടെ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാനിരിക്കെ 97 ശതമാനം സ്കൂള്‍ ജീവനക്കാരും കോവിഡ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം. 12 വയസ്സ് മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്കും വാക്സിനേഷനുള്ള നടപടികള്‍ ആരംഭിച്ചതോടെ സുരക്ഷിത സാഹചര്യത്തില്‍ സ്കൂളുകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാമെന്നാണ് മന്ത്രാലയത്തിന്‍റെ പ്രതീക്ഷ. അധ്യാപക അനധ്യാപകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങി സ്കൂളുകളിലെ മൊത്തം ഉദ്യോഗസ്ഥരും എത്രയും പെട്ടെന്ന് തന്നെ കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്നായിരുന്നു ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഉത്തരവ്. ഇതനുസരിച്ച് വാക്സിനേഷന്‍ നടപടികളില്‍ സ്കൂള്‍ ജീവനക്കാര്‍ക്കായി പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇതുവരെ 97 ശതമാനം ജീവനക്കാരും വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അഹമ്ദ് അല്‍ ബിഷ്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ മെയ് 28 മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. നേരിട്ടെത്തിയുള്ള അധ്യയനവും ഓണ്‍ലൈന്‍ ക്ലാസും സമന്വയിപ്പിച്ചുള്ള ബ്ലെന്‍ഡിങ് രീതി തന്നെയാണ് തുടരുക. ആദ്യ ഘട്ടത്തില്‍ 30 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമേ ഒരു ദിവസം പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും. നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ മൂന്നാം ഘട്ടമായ ജൂലൈ 9 ഓടെ ഹാജര്‍നില അമ്പത് ശതമാനായി കൂട്ടും. അതിനിടെ പന്ത്രണ്ട് വയസ്സ് മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. കുട്ടികളും വാക്സിന്‍ എടുക്കുന്നതോടെ സുരക്ഷിതമായ സാഹചര്യത്തില്‍ സ്കൂള്‍ അധ്യയനം തുടരാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്‍റെ പ്രതീക്ഷ.