ഇലക്ട്രിക് ബസ് പ്ലാന്റിന് ശിലയിട്ട് ഖത്തർ; അടുത്ത വർഷം നിർമാണം പൂർത്തിയാക്കും
53,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്
ദോഹ: ഇലക്ട്രിക് ബസ് പ്ലാന്റിന് ശിലയിട്ട് ഖത്തർ. ചൈനീസ് ഇലക്ട്രിക് ബസ് നിർമാതാക്കളയാ യൂടോങ്, ഖത്തറിന്റെ പൊതുഗതാഗത വിഭാഗമായ മുവാസലാത്ത്, ഖത്തർ ഫ്രീ സോൺ അതോറിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രിക് ബസ് പ്ലാന്റിന് ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി ഉം അൽ ഹൂൽ ഫ്രീസോണിൽ തറക്കല്ലിട്ടു. 53,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. യൂറോപ്യൻ യൂണിയൻ നിലവാരത്തിലുള്ള ഇലക്ട്രിക് ബസുകൾ ഇവിടെ നിർമിക്കും. ഖത്തറിന്റെ ഗതാഗത മേഖലയിലെ സുപ്രധാന പദ്ധതിയായ ഇ-ബസ് പ്ലാന്റ് അടുത്ത വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കും. ഇലക്ട്രിക് സിറ്റി ബസുകൾ, മെട്രോ ഫീഡർ ബസുകൾ, സ്‌കൂൾ ബസുകൾ എന്നിവയാകും ഇവിടെ നിർമിക്കുക. പ്രതിവർഷം 300 ബസുകളാണ് ഹബ്ബിന്റെ പ്രാരംഭ ഉൽപാദനശേഷി. പിന്നീട് മിന മേഖലയിലും യൂറോപ്പിലുമായി അന്താരാഷ്ട്ര വിപണികളുടെയും പ്രാദേശിക ആവശ്യവും കണക്കിലെടുത്ത് പ്രൊഡക്ഷൻ ഹബ്ബ് വിപുലീകരിക്കാനും പദ്ധതിയുണ്ട്.