ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ നാളെ ദോഹയിൽ പ്രഖ്യാപിക്കും
ഓൺലൈൻ വഴി നടക്കുന്ന അവാർഡ് പ്രഖ്യാപനം ഫിഫ വെബ്സൈറ്റ് വഴി സംപ്രേക്ഷണം ചെയ്യും
ദോഹ: ഫുട്ബോൾ ആരാധകർക്ക് സർപ്രൈസ് പ്രഖ്യാപനവുമായി ഫിഫ. ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ നാളെ ദോഹയിൽ പ്രഖ്യാപിക്കും. ഓൺലൈൻ വഴി നടക്കുന്ന അവാർഡ് പ്രഖ്യാപനം ഫിഫ വെബ്സൈറ്റ് വഴി സംപ്രേക്ഷണം ചെയ്യും. കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, റോഡ്രി ആരാകും ഫിഫ ദ ബെസ്റ്റ് എന്ന് നാളെ ഖത്തറിൽ പ്രഖ്യാപിക്കും. ദോഹയിൽ നടക്കുന്ന ഗാല ഡിന്നറിൽ ഓൺലൈൻ വഴി പ്രഖ്യാപനം നടത്തുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായ സമയം പുറത്തുവിട്ടിട്ടില്ല. ഫിഫ ഇന്റർ കോണ്ടിനെന്റൽ ഫുട്ബോൾ ഫൈനലിൽ റയൽ മാഡ്രിഡും മെക്സിക്കൻ ക്ലബ് പാചൂകയും ബുധനാഴ്ച ലുസൈലിൽ ഏറ്റുമുട്ടാനിരിക്കെയാണ് ലോക ഫുട്ബോളറെ ദോഹയിൽ പ്രഖ്യാപിക്കുന്നത്.
2022 ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം വാർഷികവും ഖത്തറിലെ പ്രമുഖ ഫുട്ബാൾ പരിശീലന കേന്ദ്രമായ ആസ്പയർ അകാദമിയുടെ 20ാം വാർഷികവും ആഘോഷിക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം. ഫിഫ ഇന്റർകോണ്ടിനെന്റൽ മത്സരത്തിന്റെ ഭാഗമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, ഫിഫ കൗൺസിൽ അംഗങ്ങൾ, ലോകഫുട്ബാൾ താരങ്ങൾ എന്നിവർ ദോഹയിലെത്തിയിട്ടുണ്ട്. നവംബർ അവസാന വാരത്തിൽ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെ ചുരുക്കപട്ടിക പ്രഖ്യാപിച്ചിരുന്നു. പത്ത് പേരാണ് ഓരോ വിഭാഗത്തിലും ചുരുക്കപ്പട്ടികയിലുള്ളത്. മികച്ച പുരുഷ-വനിതാ തരങ്ങൾ, പുരുഷ-വനിതാ കോച്ച്, ഗോൾകീപ്പർ, മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാർഡ് എന്നിവയാണ് പ്രഖ്യാപിക്കുന്നത്. നേരത്തെ ഫിഫ ദ ബെസ്റ്റ് ജനുവരിയിൽ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം.