ഭൂവിസ്തൃതിയുടെ 30 ശതമാനം നേച്വർ റിസർവായി പ്രഖ്യാപിക്കുമെന്ന് ഖത്തർ
പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി
ദോഹ: 2030 ഓടെ ഖത്തറിന്റെ ഭൂവിസ്തൃതിയുടെ 30 ശതമാനം നേച്വർ റിസർവായി പ്രഖ്യാപിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കരയും കടലുമടക്കം ഖത്തറിന്റെ ആകെ വിസ്തൃതിയുടെ 30 ശതമാനം പ്രകൃതി സംരക്ഷിത മേഖലയാക്കി മാറ്റാനാണ് ശ്രമം. 2030 ഓടെ ഇക്കാര്യത്തിൽ ലക്ഷ്യം നേടാനാകുമെന്ന് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി അബ്ദുള്ള ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ സുബൈ പറഞ്ഞു.
രാജ്യത്തെ നേച്വർറിസർവുകളുടെ എണ്ണവും വിസ്തീർണവും ക്രമാനുഗതമായി കൂടിക്കൊണ്ടിരിക്കുകയാണ്, ഇത് ശുഭ സൂചനയാണ്. പൊതുജനങ്ങൾക്ക് ഇത്തരം സംരക്ഷിത ഇടങ്ങൾ സന്ദർശിക്കാനുള്ള അവസരമുണ്ടാകും. എന്നാൽ സസ്യ, ജീവ ജാലങ്ങൾക്ക് ഹാനികരമാകുന്ന പ്രവർത്തനങ്ങൾ ഉണ്ടാവരുത്. നേച്വർ റിസർവുകൾ ഇക്കോ ടൂറിസത്തിന് കരുത്ത് പകരുമെന്നും മന്ത്രി വ്യക്തമാക്കി