യു എ ഇയിൽ കടലിൽ പൊങ്ങി കിടക്കുന്ന വീട് വാങ്ങാം
40 കോടി രൂപ മുടക്കി ഇന്ത്യൻ വ്യവസായി ബൽവീന്ദർ സഹാനിയാണ് ആദ്യ വീട് സ്വന്തമാക്കിയത്
യു.എ.ഇയിൽ കടലിൽ പൊങ്ങി കിടക്കുന്ന വീടുകളുടെ വിൽപന തുടങ്ങി. 200 ലക്ഷം ദിർഹം അഥവാ 40 കോടി ഇന്ത്യൻ രൂപയാണ് വില. ആദ്യ ഫ്ലോട്ടിങ് ഹൗസ് സ്വന്തമാക്കിയത് ഒരു ഇന്ത്യക്കാരനാണ്. നെപ്ട്യൂൺ സീ റിസോർട്ട് എന്നാണ് കടൽവെള്ളത്തിൽ പൊങ്ങി കിടക്കുന്ന ഈ പാർപ്പിട സമുച്ചയ പദ്ധതിയുടെ പേര്. 900 ചതുരശ്രമീറ്റർ വലിപ്പമുള്ള ഈ ഫ്ലോട്ടിങ് ഹൗസുകളിൽ നാല് ബെഡ് റൂമുണ്ട്. ജോലിക്കാർക്കുള്ള രണ്ട് മുറികൾ, ബാൽക്കണി, ഗ്ലാസ് സ്വിമ്മിങ്പൂൾ തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. കപ്പൽ നിർമാണ കമ്പനിയായ സീഗേറ്റാണ് ഈ പദ്ധതിയുടെ നിർമ്മാതാക്കൾ. റാസൽഖൈമയിലെ അൽഹംറ തുറമുഖത്ത് നീറ്റിലിറക്കുന്ന ഈ വീടുകൾ ദുബൈ തീരത്താണ് സ്ഥിരമായുണ്ടാവുക. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഇടക്കിടെ കടലിൽ സ്ഥലം മാറാം. 40 കോടി രൂപ മുടക്കി ഇന്ത്യൻ വ്യവസായി ബൽവീന്ദർ സഹാനിയാണ് ആദ്യ വീട് സ്വന്തമാക്കിയത്. 156 സ്യൂട്ടുകളുള്ള ഹോട്ടൽ, 12 താമസബോട്ടുകൾ എന്നിവയടക്കമുള്ള ഭീമൻ റിസോർട്ട് പദ്ധതി 2023 ലാണ് പൂർത്തിയാവുക.